റെയിൽവെ സ്റ്റേഷനിലെ ചെക്ക് ഇൻ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ


ന്യൂഡൽഹി ജനുവരി 09.2018 ● വിമാനത്താവളങ്ങളിലേതിന് സമാനമായി ഇനി രാജ്യത്ത് ട്രെയിനിൽ കയറാനും ചെക്കിൻ സംവിധാനം നടപ്പിലാക്കാനുള്ള നീക്കം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശം. 

ട്രെയിൻ പുറപ്പെടുന്നതിന് കുറച്ച് സമയം മുൻപേ സ്റ്റേഷനിലെത്തി ചെക്ക് ഇൻ ചെയ്തിരിക്കണമെന്നതാണ് പുതിയ മാറ്റം. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിട്ടോ 20 മിനിട്ടോ മുൻപേ സ്റ്റേഷനിലെത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ മാസം തന്നെ 202 റെയിൽവേ സ്റ്റേഷനുകളിൽ പുതിയ സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി. കുംഭമേളയോടനുബന്ധിച്ച് അലഹാബാദ് സ്റ്റേഷനിൽ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ഹൂബ്ലി സ്റ്റേഷനിലും ഉടൻ ചെക്ക് ഇൻ സംവിധാനം നിലവിൽ വരും. ഉന്നത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം സ്റ്റേഷനിൽ നിലവിൽ വരുമെന്നാണ് പിടിഐ റിപ്പോര്‍ട്ട്. 

വിവിധ ഭാഗങ്ങളിൽ നിന്നും ട്രാക്കുകളുടെ ഓരം ചേര്‍ന്നും സ്റ്റേഷനുകളിലേയ്ക്ക് കടക്കാമെന്ന പതിവിനും അവസാനമാകും. ഗേറ്റുകളും മതിലുകളും സ്ഥാപിച്ചും സുരക്ഷാസേനയെ വിന്യസിച്ചും സ്റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കും. സ്റ്റേഷനുകളിലേയ്ക്ക് കടക്കുന്ന വഴികളിൽ യാത്രക്കാരെ കര്‍ശനപരിശോധനകള്‍ക്ക് വിധേയരാക്കും. 

പരിശോധനകള്‍ക്കായി യാത്രക്കാര്‍ 20 മിനിട്ട് വരെയാണ് നേരത്തെ ഏത്തേണ്ടത്. എന്നാൽ യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും പരിശോധനകള്‍ നടത്തുകയെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറൽ അരുൺ കുമാര്‍ പറഞ്ഞു. 2016ൽ തയ്യാറാക്കിയ പദ്ധതി പ്രകാരം 202 സ്റ്റേഷനുകളിലാണ് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ നിലവിൽ വരുന്നത്. 

സിസിടിവി ക്യാമകള്‍, ബോംബ് ഡിറ്റക്ടറുകള്‍, ലഗേജ് സ്കാനറുകള്‍, കൺട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തുക. ഇതിനു പുറമെ കുറ്റവാളികളെ കണ്ടെത്താനായി മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങളുമുണ്ടാകും. പദ്ധതിയ്ക്കായി റെയിൽവേ 385.06 കോടി രൂപ ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പക്ഷെ ഇത് എത്രത്തോളം പ്രായോഗികമെന്നതാണ് പ്രശ്നം. കേരളത്തിൽ മിക്ക റെയിൽവേ സ്റ്റേഷനുകളും ജന സാന്ദ്രമായ സ്ഥലങ്ങളിലാണ്. മാത്രവുമല്ല പാളങ്ങൾ തുറസ്സായാണ് കിടക്കുന്നത്. സുരക്ഷിതത്വം ഉറപ്പക്കണമെങ്കിൽ റെയിൽ പാളങ്ങൾ വേലി കെട്ടി വേർതിരിക്കേണ്ടി വരും. അല്ലെങ്കിൽ പാളങ്ങളിലൂടെ അനായാസം റെയിൽവേ സ്റ്റേഷനിലേക്ക് ആർക്കും കയറാൻ പറ്റും. ഇനി വേലി കെട്ടി സംരക്ഷിച്ചാൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കും. ഇതൊന്നും ആലോചിക്കാതെ ധൃതി പിടിച്ച് എടുക്കുന്ന തീരുമാനമാണിതെന്നാണ് ആക്ഷേപം.

railways-rules-security-check-station