റെയിൽവേ ഉന്നത സംഘം എത്തും ; ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം പുതിയ ഘട്ടത്തിലേക്ക് പ്രതീക്ഷയോടെ സമരസമിതിയും നാട്ടുകാരും


ഉപ്പള, ജനുവരി 31.2019 ●kumblavartha.com, അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ പൈതൃക സ്വത്തായി സംരക്ഷിക്കുമെന്നും, നേത്രാവതിക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ്‌ അനുവദിക്കാനും റിസർവഷൻ- സീസൺ ടിക്കറ്റ് കൌണ്ടർ സ്ഥാപിക്കുമെന്നും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിങ് സമര സമിതി നേതാക്കൾക്ക്‌ ഉറപ്പ് നൽകിയതായി നേതാക്കൾ. സ്റ്റേഷൻ അടച്ചു പൂട്ടുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മഞ്ചേശ്വരം താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത്തി ഒന്ന് ദിവസമായി ഉപ്പളയിൽ നടന്ന് വരുന്ന അനിശ്ചിതകാല സമരത്തെ തുടർന്ന് കഴിഞ്ഞദിവസം പാലക്കാട്‌ റെയിൽവേ ഡിവിഷണൽ ഓഫീസിൽ നടന്ന പ്രാഥമിക ചർച്ചയിലാണ് തീരുമാനം.

റെയിൽവേ കൊമേർഷ്യൽ വകുപ്പും, പുരാവസ്തു വകുപ്പും സംയുക്തമായി സ്റ്റേഷൻ സന്ദർശിക്കും.സ്റ്റേഷൻ പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി മേൽക്കൂരയും, അനുബന്ധ സൗകര്യങ്ങളും വർദ്ധിപ്പിക്കും.സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി 113 വർഷം പഴക്കമുള്ള ഉപ്പള റെയിൽവേ സ്റ്റേഷനിൽ "പ്രൈഡ് ഓഫ് റെയിൽവേ" എന്ന ബോർഡ്‌ സ്ഥാപിക്കാനും ഡി. ആർ. എം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈയാഴ്ച സ്റ്റേഷൻ സന്ദർശിക്കുന്ന റെയിൽവേ ഉന്നത സംഘത്തിന്റെ പഠനറിപ്പോർട്ട് അനുസരിച്ച് നേത്രാവതി ട്രെയിനിനു പരീക്ഷണാടിസ്ഥാനത്തിൽ ആറു മാസത്തേക്ക് സ്റ്റോപ്പ്‌ അനുവദിക്കാനും ധാരണയായി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ കൂക്കൾ ബാലകൃഷ്ണൻ, സമര സമിതി ചെയർമാൻ കെ. എഫ്. ഇഖ്ബാൽ ഉപ്പള, സംഘടനയുടെ ദേശീയ -സംസ്ഥാന -ജില്ലാ ഭാരവാഹികളായ
സി.എസ്. രാധാമണിയമ്മ, എം.വി.ജി. നായർ, രാജു. കെ. തോമസ്, മോഹൻ. സി. കണ്ണങ്കര, ഡോ: ജിപ്സൺ, റീന, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി കെ. ബി. മുഹമ്മദ്‌ കുഞ്ഞി, മെഹമൂദ് കൈകമ്പ, കോസ്മോസ് ഹമീദ്, കൊട്ടാരം അബൂബക്കർ, അബു തമാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എന്നാൽ ആവശ്യങ്ങൾ പ്രാബല്യത്തിൽ വരുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹസമരം തുടരുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
keyword :railway-topteam-willarraive-uppala-railwaystation-strike-hopetothenewlevel-strikecommiteeandlocals