യുനാനി ആശുപത്രിക്ക് മരുന്നിനായി സർക്കാർ സഹായം ലഭ്യമാക്കും - എ. ജി. സി. ബഷീർ
മൊഗ്രാൽ :ജനുവരി 15 , 2019  കുമ്പള ഗ്രാമ പഞ്ചായത്തിന് കീഴിൽ മൊഗ്രാലിൽ പ്രവർത്തിച്ചു വരുന്ന സംസ്ഥാനത്തെ ഏക സർക്കാർ സ്ഥാപനമായ യുനാനി ഡിസ്പെൻസറിക്ക് കൂടുതൽ മരുന്ന് ലഭ്യമാക്കുന്നതിനും , വികസനത്തിനുമായി സർക്കാർ സഹായത്തിനായി സമീപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി. ബഷീർ അറിയിച്ചു.
   രോഗശയ്യയിലായ യുനാനി ആശുപത്രിയിൽ മരുന്ന് ക്ഷാമവും, രോഗികളുടെ തുടർ ചികിത്സാ തടസ്സവും ചൂണ്ടിക്കാട്ടി മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ സമർപ്പിച്ച നിവേദന സംഘത്തോട് സംസാരിക്കവെയാണ് എ. ജി. സി. ബഷീർ ഈ വിഷയത്തിൽ ജില്ലാ പഞ്ചായത്തിന്റെ നിലപാട് അറിയിച്ചത്.
        കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപയോളമാണ് മരുന്നിനായി അനുവദിക്കുന്നത്. ഇത് ഡിസ്പെൻസറിയിൽ 6 മാസത്തെ മരുന്നിന് പോലും തികയുന്നില്ല.  അനുവദിച്ച തുകയുടെ മരുന്നു പോലും ടെൻഡർ നടപടികളിലെ കാലതാമസം മൂലം യഥാസമയം ലഭിക്കുന്നുമില്ല. ഇത് മൂലം തുടർ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് മരുന്ന് ലഭിക്കാതെ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്നു. ദിവസേന ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി നൂറ് കണക്കിന് രോഗികളാണ് യുനാനി ചികിത്സ തേടി മൊഗ്രാലിലെത്തുന്നത്.
   കുമ്പള ഗ്രാമ പഞ്ചായത്ത് പ്രതിവർഷം മരുന്നിനായി അനുവദിക്കുന്ന ഫണ്ട് അപര്യാപ്തമായതിനാൽ സിസ്പെൻസറിക്ക് കൂടുതൽ മരുന്ന് ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ദേശീയ വേദി പ്രസിഡണ്ട് എ. എം. സിദ്ധീഖ് റഹ്മാൻ ,ജന:സെക്രട്ടറി റിയാസ് മൊഗ്രാൽ, ടി. എം. ശുഐബ് , മുഹമ്മദ് അബ്കോ എന്നിവർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

key word : mogral unani hospital agc basheer desheeya vedi