വില്പനയ്ക്കെത്തിയ ആൾ കുമ്പളയിലെ സ്വർണക്കടയിൽ ഉപേക്ഷിച്ച് പോയ സ്വർണമാല പോലീസ് ഉടമയ്ക്ക് കൈമാറി

കുമ്പള : ജനുവരി 24,2019: നഷ്ടപ്പെട്ട മാല കുമ്പളയിലെ സ്വർണ്ണക്കടയിൽ വില്പനയ്ക്ക് കൊണ്ട് വന്നയാൾ ഉപേക്ഷിച്ച് പോയത് കുമ്പള പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമയ്ക്ക് കൈമാറി. കല്യാണ വീട്ടില്‍നിന്ന് നഷ്ടപ്പെടുകയും പിന്നീട് ജ്വല്ലറിയില്‍ വില്പനയ്ക്കായി എത്തിച്ചപ്പോള്‍ പിടികൂടുകയും ചെയ്ത ഏഴ് പവന്‍ സ്വര്‍ണ്ണ മാലയാണ് ഉടമസ്ഥന് കൈമാറിയത്. അടുക്കത്ത്ബയല്‍ സ്വദേശി കുഞ്ഞാലിക്കാണ് കുമ്പള പോലീസ് സ്‌റ്റേഷനില്‍ വെച്ച് രാജധാനി ജ്വല്ലറി മാനേജര്‍ റഫീഖിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കൈമാറിയത്. കുഞ്ഞാലിയുടെ മകന്‍ ജുനൈദിന്റെ ഭാര്യ മിസിരിയയുടേതാണ് സ്വര്‍ണ്ണം. വിദ്യാനഗറിലെ ഒരു കല്യാണവീട്ടില്‍ വെച്ചാണ് സ്വര്‍ണ്ണമാല നഷ്ടമായത്. ഇത് സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇതോടെ നഷ്ടപ്പെട്ടമാലയുടെ ഫോട്ടോ ജ്വല്ലറി ഉടമകളുടെ സംഘടനയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട മാല ആരെങ്കിലും വില്പനയ്ക്കായി കൊണ്ടുവരുമെന്ന പ്രതീക്ഷയെ തുടര്‍ന്നായിരുന്നു ഇത്. ജാഗ്രത തുടരുന്നതിനിടയിലാണ് ഈ മാസം 16 ന് സ്വര്‍ണ്ണമാല വില്പനയ്ക്കായി നൗഫല്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് കുമ്പള രാജധാനി ജ്വല്ലറിയിലെത്തിയത്. സ്വര്‍ണ്ണമാല പരിശോധിച്ച ജ്വല്ലറി ഉടമ അബ്ദുല്‍ ഹമീദ് സംശയം പ്രകടിപ്പിച്ചു. ഇതിനിടയില്‍ യുവാവ് തന്ത്രപൂര്‍വ്വം മുങ്ങുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണം കുമ്പള എസ് ഐ ജയരാജിന് കൈമാറുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കിയതിന് ശേഷമാണ് മാല ഉടമയ്ക്ക് കൈമാറിയതെന്ന് പോലീസ് പറഞ്ഞു.
keyword :lostchain-handedovertotheowneratthepolicestation