കൊപ്പളം അണ്ടർ പാസേജ്; ടെൻഡർ നടപടികളിലെ തടസ്സം നീക്കാൻ നടപടി സ്വീകരിക്കും. - എ. ജി. സി ബഷീർ

മൊഗ്രാൽ: ജനുവരി 18 ,2019 : റെയിൽവേയ്ക്ക് കാസർകോട് വികസന പാക്കേജിൽ ( പ്രഭാകരൻ കമ്മിഷൻ ) ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും കൊപ്പളം അണ്ടർ പാസേജ് നിർമ്മാണത്തിലെ ടെൻഡർ നടപടികളിലുണ്ടായ തടസ്സം നീക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി ബഷീർ അറിയിച്ചു.
     റെയിൽവേയ്ക്ക് 2018 ജൂൺ 14-ാം തീയതി 2.16 കോടി രൂപ അടച്ചിട്ടും ടെൻഡർ നടപടികളും നിർമാണ പ്രവർത്തനങ്ങളും തുടങ്ങാത്തതിൽ പ്രദേശവാസികൾക്കുള്ള ആശങ്ക അറിയിക്കാൻ മൊഗ്രാൽ ദേശീയ വേദി ഭാരവാഹികളും, നാട്ടുകാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് നിവേദനം നൽകിയപ്പോഴാണ് എ. ജി. സി ബഷീർ ഈ കാര്യത്തിൽ തന്റെ നിലപാട് അറിയിച്ചത്.
      കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാൽ കൊപ്പളം അണ്ടർ പാസേജിനായി  തീരദേശവാസികൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട്. റെയിൽ പാളം മുറിച്ചുകടക്കവെ വിദ്യാർത്ഥികളടക്കം ഇതിനകം പ്രദേശത്ത് 10 - ഓളം പേർ ട്രെയിൻ തട്ടി മരണപ്പെട്ടിരന്നു. ഇതിനെ തുടർന്നാണ് നാട്ടുകാർ അണ്ടർ പാസേജ് ആവശ്യം മുന്നോട്ട് വെച്ചത്.
    ഇതേ തുടർന്നു് പരേതനായ പി.ബി അബ്ദുൽ റസ്സാഖ് എം. എൽ. എ യും, പി. കരുണാകരൻ എം. പി യും ജനപ്രതിനിധികളുടെയും നാട്ടുകാരുടെ യും ഒരു യോഗം 2013 നവംബർ 23 ന് കുമ്പള ഗ്രാമ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർക്കുകയും അണ്ടർ പാസേജിനായി റെയിൽവേയെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തു.  ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കുമ്പള ഗ്രാമ പഞ്ചായത്ത് മൂന്നരലക്ഷം രൂപ റെയിൽവേയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീടാണ് നടപടികളിൽ അനിശ്ചിതത്വമുണ്ടായത്. റെയിൽവേയ്ക്ക് ഫണ്ട് ലഭ്യമാക്കുന്നതിലെ കാലതാമസമാണ് പദ്ധതി നീണ്ട് പോകാൻ കാരണമായതും. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി വീണ്ടും ജനപ്രതിനിധികളെ സമീപിച്ചതോടെയാണ് റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കിയത്.
      ടെൻഡർ നടപടികളിൽ വീണ്ടും തടസ്സങ്ങൾ ഉണ്ടെന്നറിഞ്ഞതോടെ മൊഗ്രാൽ ദേശീയ വേദി പ്രവർത്തകർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കുകയും നിവേദനം നൽകുകയും ചെയ്തു. തടസ്സം നീക്കി ഫെബ്രുവരിയോടെ നിർമ്മാണം തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എ. ജി. സി ബഷീർ ഉറപ്പു നൽകിയതായി ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.
kwywords : agc basheer mogral uinder pas railway kumbala