കാസര്‍കോട്ട് ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലയേറ്റു


കാസര്‍കോട്: ജനുവരി 01.2019. കാസര്‍കോട്ട് ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലയേറ്റു. അക്രമികള്‍ക്കും ലഹരി മാഫിയക്കും മണല്‍ മാഫിയക്കുമെതിരെ മുഖംനോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് കാസര്‍കോട് എ എസ് പിയായി ചുമതലയേറ്റെടുത്ത ഡി ശില്‍പ. അതീവ ശ്രദ്ധ പുലര്‍ത്തേണ്ട മേഖലയിലാണ് തനിക്ക് ജോലിയെടുക്കേണ്ടതെന്ന ബോധ്യമുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളും മറ്റും കാസര്‍കോട്ട് ശക്തമാണെന്ന വിവരവും അറിഞ്ഞിട്ടുണ്ട്.

ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി കൈകൊള്ളും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെന്ന റിപോര്‍ട്ടുകള്‍ പോലീസിന്റെ പക്കലുണ്ട്. ഇത് കണക്കിലെടുത്തും നടപടിയുണ്ടാകും. മണല്‍ മാഫിയക്കെതിരെയും ശക്തമായ നടപടികള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും എ എസ് പി മുന്നറിയിപ്പ് നല്‍കി.

രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും ജനമൈത്രി പോലീസിന്റെയും യോഗം വിളിച്ചു ചേര്‍ക്കും. ഇതില്‍ നിന്നും ഉണ്ടാകുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ജില്ലാ പോലീസ് ചീഫിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പല പ്രശ്നങ്ങളിലും പോലീസിന്റെ ഭാഗത്തു നിന്നും ജനങ്ങള്‍ക്ക് കൈപേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് എ എസ് പി വ്യക്തമാക്കിയത്. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ ഭാഗത്തു നിന്നും സൗഹൃദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്ന് നിര്‍ദേശം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

kasaragod, kerala, news, kids camp ad, D Shilpa appointed as Kasaragod ASP.