കോയിപ്പാടി വില്ലേജ് ഓഫീസർ കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുന്നു - സി പി എം


കുമ്പള ജനുവരി 16.2019 ● കുണ്ടങ്കറഡുക്ക കോളനിയിൽ പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാനെന്ന പേരിൽ കോയിപ്പാടി വില്ലേജ് ആഫീസർ കാട്ടികൂട്ടിയത് കവലചട്ടമ്പിയുടെ നിലവാരത്തിലുള്ള പ്രവർത്തിയാണെന്ന് സി പി എം.

ഒഴിപ്പിക്കാൻ യാതൊരുവിധ നിയമ നടപടിയും സ്വീകരിക്കാതെയാണ് വില്ലേജ് അധികാരികൾ ഒഴിപ്പിക്കാനെത്തിയത്. സാധാരണ കയ്യേറ്റം നടന്നാൽ കയ്യേറ്റക്കാരന് ഒഴിഞ്ഞ് പോകാൻ സമയം നൽകി നോട്ടീസ് കൊടുത്തതിന് ശേഷം ഒഴിഞ്ഞ് പോയില്ലെങ്കിൽ മാത്രമാണ് പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാൻ വില്ലേജ് ഓഫീസർ എത്താറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള യാതെരു വിധ നിയമ നടപടികളും സ്വീകരിക്കാതെയാണ് വില്ലേജ് ആഫീസർ അവിടെ എത്തിയത്. ഇതിനെ നിയമപരമായി പാർട്ടി നേരിടുമെന്നും ജില്ലാ കലക്ടർക്കും ബന്ധപെട്ട അധികാരികൾക്കും പരാതി നൽകുമെന്നും അറിയിപ്പിൽ പറഞ്ഞു. ഒഴിപ്പിക്കാനെത്തിയ വില്ലേജ് ആഫീസർ അവിടെ താമസിച്ചിരുന്ന പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തെ ഒരു മുന്നറിയിപ്പോ നിർദ്ദേശമോ നൽകാതെ വെട്ടുകത്തിയുമായി കവല ചട്ടമ്പിയെപ്പോലെ അക്രമിക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ ശ്രമിച്ചപ്പോൾ ആഫീസറുടെ കൈയ്യിൽ നിന്ന് വെട്ടുകത്തി പിടിച്ച് വാങ്ങിക്കുകയും ആക്രമിക്കാൻ ശ്രമിച്ച വില്ലേജ് ആഫീസറെ തടയുകയുമാണ് അവിടെയുണ്ടായിരുന്ന നാട്ടുകാരനായ വക്കീലിന്റെ നേത്രത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘം ശ്രമിച്ചത്. 

വില്ലേജ് ആഫീസറയേയും ഉദ്യോഗസ്ഥൻമാരെയും അക്രമിച്ചു എന്ന നിലയിൽ കളളക്കേസ്സുണ്ടാക്കി വീടും സ്ഥലവും ഇല്ലാത്ത പാവങ്ങളെ ജയിലിലടപ്പിക്കാനാണ് ഇദ്ദേഹം തയ്യാറായത്.

നിരപരാധികളായ പാവങ്ങളെ ജയിലിലടപ്പിക്കാൻ കള്ളക്കേസുണ്ടാക്കിയ വില്ലേജ് ആഫീസറും അതിന് കൂട്ട് നിന്ന എൻ ജി ഒ അസ്സോസിയേഷനും കോൺഗ്രസ്സും ബി.ജെ.പിയും ഇതിനു മറുപടി പറയേണ്ടി വരും. നിരവധി പ്രദേശങ്ങളിൽ വൻകിട ഭൂമാഫിയകൾ പാവപ്പെട്ട വർക്ക് ലഭിക്കേണ്ട ഭൂമികൾ കയ്യേറിയതിനെതിരായി രേഖാമൂലം പരാതി നൽകിയിട്ടും യാതെരുവിധ നടപടിയും സ്വീകരിക്കാൻ തയാറാവാത്ത വില്ലേജ് അധികാരികൾ പാവപ്പെട്ടവൻ താമസിക്കുന്ന കുടിലിൽ വന്ന് കാണിക്കുന്ന ആവേശം ആർക്കുവേണ്ടിയാണെന്ന് നാട്ടുകാർക്ക് മനസ്സിലായിട്ടുണ്ടെന്നും

കോയിപ്പാടി വില്ലേജ് ആഫീസിനെ നിയന്ത്രിക്കുന്നത് ഇടനിലക്കാരായ കൈക്കൂലിക്കാരാണെന്നും പാർട്ടി ആരോപിച്ചു.

ഇത്രയും ആവേശം കാണിക്കുന്ന വില്ലേജ് ആഫീസർ വെട്ടുകത്തിയുമായി നേരിടേണ്ടത് ഭൂമാഫിയക്കാരെയാണ്. അതിന് അദ്ദേഹത്തിന് ധൈര്യം ഉണ്ടോ എന്നും നേതാക്കൾ ചോദിച്ചു. ഇനിയും ഇത്തരം ഭൂരഹിതരായ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സി പി എം ശക്തമായ ജനകീയ സമരങ്ങൾക്ക് നേത്രത്വം നൽകും. ഇടനിലക്കാരായ കൈക്കൂലിക്കാരെ കൂട്ടി വില്ലേജ് ആഫീസിൽ പോയില്ലെങ്കിൽ അർഹരായവർക്ക് നീതി ലഭിക്കാത്ത അവസ്ഥയാണ് കോയിപ്പാടി വില്ലേജ് ആഫീസിലുള്ളത്. ഇടനിലക്കാരെ ഒഴിവാക്കി വില്ലേജിൽ വരുന്ന പാവങ്ങൾക്ക് നീതി ലഭ്യമാക്കാൻ ഉദ്യേഗസ്ഥൻമാർ തയ്യാറാകണമെന്നും പാവപ്പെട്ട കുടുംബത്തെ ആക്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇല്ലങ്കിൽ ശക്തമായ ജനകീയ സമരങ്ങർക്ക് സി പി.ഐ.എം നേത്രത്വം നൽകുമെന്ന് അറിയിപ്പിൽ പറഞ്ഞു.