"സംഘ്പരിവാർ കലാപനീക്കം തകർക്കണം" സി.പി.എം


കാസർകോട്: ജനുവരി 05.2019. ഹർത്താലിന്റെയും പ്രതിഷേധത്തിന്റെയും പേരിൽ സംഘപരിവാർ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന കലാപനീക്കത്തെ പ്രതിരോധിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന‌് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ  അഭ്യർഥിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘപരിവാർ നേതൃത്വത്തിൽ ജില്ലയിൽ  ഭീകരമായ  അക്രമണങ്ങളാണ് നടക്കുന്നത‌്. സ്ത്രീകൾ ഉൾപ്പെടെയുള്ള സിപിഐ എം പ്രവർത്തകരെ അക്രമിച്ച് വധിക്കാൻ ശ്രമിക്കുകയും   വീട് ആക്രമിക്കുകയും ഓഫീസുകൾ അക്രമിച്ച് തകർക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും തകർത്തു. മാധ്യമ പ്രവർത്തകരും അക്രമിക്കപ്പെട്ടു. അങ്ങേയറ്റം ആത്മ സംയമനത്തോടെയാണ് ഈ അക്രമണങ്ങളെയെല്ലാം പാർട്ടി നേരിട്ടത‌്.

ഹർത്താലിന‌് ശേഷവും ഏകപക്ഷീയമായി അക്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ചെറുത്ത്‌നിൽപ്പ് നടത്താൻ പാർട്ടി നിർബന്ധിതരാവും. തീക്കളി അവസാനിപ്പിക്കാൻ ആർഎസ്എസ്–ബിജെപി നേതൃത്വം തയ്യാറാകണം. മഞ്ചേശ്വരം, കാസർകോട് പ്രദേശങ്ങളിൽ വർഗീയ സ്വഭാവത്തോടെയാണ് സംഘപരിവാർ ആക്രമം. പൂട്ടിയിട്ട സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് പേരും മറ്റും നോക്കി ആക്രമിച്ചത്. ഇത് അങ്ങേയറ്റം വിനാശകരവും അപക്വവുമായ നീക്കമാണ്.

ആർഎസ്എസ്–ബിജെപി ജില്ലാ നേതൃത്വമാണ‌് കലാപം ആസൂത്രണം ചെയ‌്തത‌്. സിപിഐ എമ്മിന്റെ ‌എട്ട‌് ഓഫീസുകളാണ‌് അക്രമികൾ തകർത്തത‌്. ആറ‌് പാർട്ടി പ്രവർത്തകരുടെ വീടുകളും അക്രമിച്ചു. അഞ്ച‌് കൊടിമരങ്ങളും സ‌്തൂപങ്ങളും രണ്ട‌് ബസ‌് കാത്തിരിപ്പ‌് കേന്ദ്രങ്ങളും തകർത്തു. നിരവധി സിപിഐഎം പ്രവർത്തകരും മാധ്യമ പ്രവർത്തകരും അക്രമത്തിനിരയായി.

ജില്ലയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. പലയിടത്തും കോൺഗ്രസുകാർ പരസ്യമായി  സംഘപരിവാറിനൊപ്പം ചോർന്നിരിക്കുകയാണ്. പെരിയ, കല്ല്യോട്ട‌്, ചെറുവത്തൂർ, മയിച്ച, തൃക്കരിപ്പൂർ ടൗൺ ഇങ്ങനെ മിക്ക സ്ഥലങ്ങളിലും കോൺഗ്രസുകാരും ആർഎസ്എസ്സുകാരും ഒരുമിച്ചാണ് സംഘർഷം സൃഷ്ടിച്ചത്. ജനാധിപത്യ വിശ്വാസികൾ ഈ കപട രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ‌് ആവശ്യപ്പെട്ട‌ു.

സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ‌്ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ‌, വി പി പി മുസ‌്തഫ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

kasaragod, kerala, news, transit-ad, CPM against Sangh parivar.