കാസർഗോഡ്, ജനുവരി 27.2019 ● ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച ജനസമ്പര്‍ക്ക കേന്ദ്രം ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക, തിരിച്ചറിയല്‍ കാര്‍ഡ്, പോളിങ് സ്റ്റേഷന് തുടങ്ങിയ തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭിക്കും.
പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ സേവനം ലഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികളും കോള്‍ സെന്റര്‍ വഴി സ്വീകരിക്കും. പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്യും.
കോള്‍ സെന്ററില്‍ സ്ഥിരമായി രണ്ടു ജീവനക്കാരുണ്ടാകും. വോട്ടര്‍ ഹെല്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ജില്ലാ കോണ്ടാക്ട് ഓഫീസറായ ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മുൻ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഇഗ്നേഷ്യസ് സില്‍വസ്റ്റര്‍, എഡിഎം എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) എ.കെ. രമേന്ദ്രന്‍, ജൂണിയര്‍ സൂപ്രണ്ട് (ഇലക്ഷന്) എസ്. ഗോവിന്ദന് എന്നിവര്‍ സംബന്ധിച്ചു.
keyword :callcentre-electiondetails