തൊഴിലാളി സംഘടനകളുടെ പണിമുടക്ക് അർദ്ധ രാത്രി മുതൽ; ജനജീവിതം സ്തംഭിക്കും


തിരുവനന്തപുരം ജനുവരി 07.2018 ●  ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. കേന്ദ്ര നയങ്ങള്‍ക്കെതിരെയാണ് 48 മണിക്കൂര്‍ പണിമുടക്ക്. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.

ശക്തമായ പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക്. പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകും. പണിമുടക്കിന് നേതൃത്വം നല്‍കുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയവ ഉള്‍പ്പടെയുള്ള യൂണിയനുകള്‍ക്ക് കേരളത്തില്‍ വ്യക്തമായ സ്വാധീനമുള്ളതില്‍ ഇവിടെ പണിമുടക്ക് ശക്തമായിരിക്കുമെന്നാണ് സൂചന. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ മേല്‍പ്പറഞ്ഞ തൊഴിലാളി യൂണിയനുകള്‍ ശക്തമാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗതം സ്തംഭിക്കുമെന്നാണ് സൂചന.

അതേസമയം നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകള്‍ തടയില്ല. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പിക്കറ്റ് നടത്തും. കടകള്‍ അടയ്ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ജോലിക്ക് എത്തുന്നവരെ നിര്‍ബന്ധിച്ചു പിന്തിരിപ്പിക്കുകയുമില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെയും അവശ്യ സേവനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍ ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബാങ്കിങ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കും.

bandh-on-january-8-9