ഓച്ചിറ ആംബുലന്‍സ് അപകടം; മരണം രണ്ടായി


കൊല്ലം ജനുവരി 07.2018 ● ഹൃദയ വാല്‍വിന് തകരാറുള്ള നാലുമാസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തുനിന്ന് അടിയന്തരമായി തിരുവനന്തപുരത്തെത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപടകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓച്ചിറയിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റ് തൊഴിലാളിയും ഒഡീഷ ചെമ്പദേരിപുര്‍ സ്വദേശിയുമായ രാജുദോറ (24)യാണ് മരിച്ചത്.

ഹോട്ടല്‍ തൊഴിലാളി വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രന്‍ (60) സംഭവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. 
സൈക്കിള്‍ യാത്രക്കാരനെയും രണ്ട് ബൈക്ക് യാത്രക്കാരെയുമാണ് ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചത്. 

നാലുമാസം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. തിരിച്ചുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.

accident-in-oachira, ambulance, ambulance-accident-in-oachira