ആലപ്പാട് ഖനനം ; സമരത്തിന് ഐക്യദാർഢ്യവുമായി മൊഗ്രാൽ ദേശീയവേദിയും.      മൊഗ്രാൽ, ജനുവരി 26.2019 ●ആലപ്പാട് ദേശത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മൊഗ്രാൽ ദേശീയ വേദിയും രംഗത്ത്.
      കരിമണലിന്റെ പേരിൽ കവർന്നെടുത്തുകൊണ്ടിരിക്കുന്ന ആലപ്പാടിന്റെ കണ്ണീരിനെപ്പം കൈകോർക്കുകയാണ് മൊഗ്രാൽ ദേശീയ വേദി പ്രവർത്തകർ.  ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ ടൗണിൽ തിങ്കളാഴ്ച  വൈകുന്നേരം 4 മണിക്ക് (28- 01- 19 ) ദേശീയ വേദി പ്രവർത്തകർ സായാഹ്ന ധർണ്ണ നടത്തും.
       ആലപ്പാട്ടെ ഖനനം മൂലം ഭൂമി വിസ്തൃതി കുറഞ്ഞ തീരദേശം കടലാക്രമണ ഭീതിയിലാണ്. അറബിക്കടലിനും, ദേശീയ ജലപാതയ്ക്കുമിടയിൽ 17 കിലോമീറ്റർ നീളവും 3 കിലോമീറ്റർ വീതിയുമുണ്ടായിരുന്ന ആലപ്പാട് ഗ്രാമത്തിന് ഖരിമണൽ ഖനനത്തെ തുടർന്ന് ഇപ്പോൾ പ്രദേശത്തിന്റെ വീതി 200 മീറ്ററായി കുറഞ്ഞു. ഇത് ഒരു ദേശത്തിന്റെ നാശത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രദേശത്ത് ഖനനം കാരണം വ്യാപക കൃഷിനാശത്തിനും മത്സ്യതൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിനും കാരണമായിട്ടുണ്ട്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് നാട്ടുകാർ കഴിഞ്ഞ 80 ദിവസമായി സമരരംഗത്തുള്ളത്.സർക്കാരാകട്ടെ സമരത്തിൽ ഇടപെടുന്നുമില്ല.
     പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠിച്ച സമിതി 2018 ഫെബ്രുവരി രണ്ടിന് സർക്കാറിന് സമർപ്പിച്ച ശുപാർശ നടപ്പാക്കുംവരെ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഹർജിയിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഖനനം നിർത്തിവെക്കണമെന്ന് ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. എം സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.  എം. എ. മുസ, വിജയകുമാർ , ടി.കെ. അൻവർ, നാഫിഹ് മൊഗ്രാൽ, നാസർ മൊഗ്രാൽ, മുഹമ്മദ്‌ അബ്‌കോ , ടി.എ. ജലാൽ, എം. എസ്. മുഹമ്മദ് കുഞ്ഞി, പി.വി.അൻവർ, ഷരീഫ് ഗെല്ലി, കെ പി മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു . ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
keyword : alappadmining-solidarityinitiative-mogralnationalist