മംഗളൂരുവിൽ എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; തൊക്കോട്ട് സ്വദേശി അറസ്റ്റിൽ


മംഗളുരു ജനുവരി 11.2019 ● എ.ടി.എം തകർത്ത് പണം കവരാൻ ശ്രമം നടത്തിയ യാളെ മംഗളൂരു പാണ്ടേശ്വർ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി അറസ്റ്റ് ചെയ്തു. തൊക്കോട്ടു സ്വദേശി ജയരാജ് (44) ആണ് അറസ്റ്റിലായത്. മംഗളൂരു അത്താവറിലെ കോർപറേഷൻ ബാങ്കിന്റെ എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ എ. ടി. എം കൗണ്ടറിനകത്ത് കടന്ന മോഷ്ടാവ് എ.ടി.എം യന്ത്രത്തിന്റെ മോണിറ്റർ തകർത്ത് പണം നിറക്കുന്ന അറ തകർക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രമം പരാജയപ്പെട്ട ഇയാൾ കൗണ്ടറിന് പുറത്ത് ചുറ്റിത്തിരിയുകയായിരുന്നു. ഈ സമയം ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്ന ഒരു നാട്ടുകാരൻ ഉടൻ പോലീസിൽ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പോലീസ് ചുറ്റിപ്പറ്റി നടക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്തു. എ.ടി.എം ക്യാമറയിലെ ദൃഷ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടത് മാസ്ക് കൊണ്ട് മുഖം മറച്ച ഇയാൾ എ.ടി.എം വെട്ടിപ്പൊളിക്കുന്ന ദൃശ്യങ്ങളായിരുന്നു. ക്യാഷ് കെയ്സും പൊട്ടിച്ച നിലയിലായിരുന്നു. പണം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ശരീഫ് , സബ് ഇൻസ്പെക്ടർ മഞ്ചുള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ATM-theft-attempt-arrest