എസ് സി കോളനിയിലെ കുടിവെള്ള സംവിധാനം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി


കുമ്പള ജനുവരി 10.2018 ●  എസ് സി കോളനിയിലെ കുടിവെള്ള സംവിധാനത്തെ സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. പൈവളികെ പഞ്ചായത്തിലെ ധർമ്മത്തടുക്ക തക്വെ എന്ന സ്ഥലത്തെ എസ് സി കോളനിയിൽ നാലു വർഷം മുമ്പ് പഞ്ചായത്ത് നിർമ്മിച്ച കുഴൽ കിണറും ടാങ്കും അടക്കമുള്ള കുടിവെള്ള സംവിധാനമാണ് കൈയ്യേറിയത്. ഒരു മാസം മുമ്പ് ടാങ്കും കിണറും അകത്താക്കി പറമ്പിന് ചുറ്റുമതിൽ നിർമ്മിച്ചതോടെ കോളനിവാസികളുടെ കുടിവെള്ളം പാടേ മുട്ടിപ്പോയിരിക്കുകയാണ്. വെള്ളം ചോദിച്ച് ചെല്ലുന്നവരോട് 'നിങ്ങളുടെ കിണറും ടാങ്കും കിണറും എടുത്തോണ്ട് പൊയ്ക്കോ' എന്ന് ധിക്കാരപരമായി പറയുന്നതായി കോളനിവാസികൾ പറയുന്നു. ഒരു മാസത്തിലധികമായി ഇവിടെ ടാങ്കറിൽ വരുന്ന വെള്ളം ദിവസം 650 രൂപ നൽകി വിലയ്ക്കു വാങ്ങുകയാണത്രെ മുപ്പതോളം വരുന്ന ഈ കുടുംബങ്ങൾ. അതും മൂന്നുദിവസത്തിലൊരിക്കൽ മാത്രമാണ് ലഭിക്കുന്നതെന്ന് കോളനിവാസികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും അവർ തിരിഞ്ഞു നോക്കുന്നില്ലെന്നും പഞ്ചായത്തംഗം കൈയ്യേറ്റക്കാരന് ഒത്താശ ചെയ്യുന്നതായും അവർ ആരോപിച്ചു.

വാർത്ത സമ്മേളനത്തിൽ മൊഗേറു സംഘ ജില്ലാ കമ്മിറ്റി പ്രസിഡന്റ് രവികാന്ത്, പി എ രമേശ്, ബി എ ബഷീർ, മണി കെ., സുന്ദരി എന്നിവർ സംബന്ധിച്ചു.

kumbla, kasaragod,