യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ സംഘാടക സമിതിയിൽ മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ


കുമ്പള:   ഡിസംബര്‍ 07.2018.  വർഗ്ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യാൻ വിവിധ സംഘ് പരിവാർ സംഘടനകൾ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന  ഹിന്ദുസമാജോത്സവത്തിന്റെ സംഘാടക സമിതിയില്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളായ  ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ എന്‍ കൃഷ്ണഭട്ടും മുസ്ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ടരികാക്ഷയുമാണ് യോഗി ആഥിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ ഭാരവാഹിത്വം വഹിക്കുന്നത്.  

ദളിത് ലീഗിന്റെ ജില്ലാ പ്രസിഡന്റു കൂടിയാണ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പുണ്ഡരികാക്ഷ. ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് യോഗി ആതിഥ്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ഹിന്ദു വികാരം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ്  കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വിഎച്ച്പി നേതാവ് സ്വാതി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിൽ കോണ്‍ഗ്രസ് നേതാവും ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റുമായ  കൃഷ്ണഭട്ട് പങ്കെടുത്തത് വൻ വിവാദമായിരുന്നു.യോഗി ആഥിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് യു ഡി എഫ്  നേതാക്കള്‍ പങ്കെടുക്കുന്നതോടെ മഞ്ചേശ്വരം, കാസറഗോഡ് മണ്ഡലങ്ങളിലെ ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. ശക്തമായ വർഗ്ഗീയ പ്രചരണമാണ് യോഗി ആദിത്യനാഥ് നടത്തിക്കൊണ്ടിരിക്കുന്നത്. 

യു.പി.യിൽ പശുഹത്യയുമായി ബന്ധപ്പെട്ട് യോഗി നടത്തിയ പ്രസ്താവനകളും നടപടികളും ജില്ലയിലും ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാൻ ബി.ജെ.പി.യും സംഘ് പരിവാർ സംഘ നകളും രാജ്യത്ത് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ഭീതി ന്യൂനപക്ഷങ്ങൾക്കുണ്ട്. കൂടാതെ ശബരിമല വിഷയത്തിൽ യു ഡി എഫും ബി.ജെ.പി. യും ഒരേ നിലപാടിലാണെന്ന പരാതിയും ലീഗണികളിലുണ്ട്. അതു കൊണ്ട് തന്നെ പാർട്ടിയുടെ നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വ്യക്തി സ മാജോത്സവത്തിന്റെ  സംഘാടക സമിതി ഭാരവാഹിയാകുന്നത് പാർട്ടിക്ക് പേരുദോഷമുണ്ടാക്കുമെന്നുറപ്പ്. അതിനിടെ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനായി പുണ്ഡരികാക്ഷ ഉടൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കമെന്നും സൂചനയുണ്ട്.

kasaragod, kerala, news, jhl builders ad, UDF Leaders in Hindu Samajolsava Samithi.