ദേശീയ പണിമുടക്ക‌്; സംയുക്ത ട്രേഡ‌് യൂണിയൻ വാഹനജാഥ തുടങ്ങി


കാസർകോട‌്: ഡിസംബര്‍ 18.2018. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടിക്കെതിരെ സംയുക്ത ട്രേഡ‌് യൂണിയൻ നേതൃത്വത്തിൽ ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥമുള്ള ജില്ലാ വാഹന ജാഥക്ക‌് പൈവളിഗെയിൽ തുടക്കമായി. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ലീഡറും എസ‌്ടിയു ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ‌് കൊടവഞ്ചി ഉപലീഡറും എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ വി കൃഷ‌്ണൻ മാനേജരുമായ ജാഥ ഐഎൻടിയുസി ദേശീയാ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. 

ബി വി രാജൻ അധ്യക്ഷനായി. ടി കെ രാജൻ, ഷെരീഫ‌് കൊടവഞ്ചി, കെ വി കൃഷ‌്ണൻ, കെ ഭാസ‌്കരൻ, എം രാമൻ, കരിവെള്ളൂർ വിജയൻ, പി ജി ദേവ‌്, സുരേഷ‌് പുതിയടത്ത‌്, സി എം എ ജലീൽ, സി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു. ജാഥ 21ന‌് വൈകിട്ട‌് തൃക്കരിപ്പൂരിൽ സമാപിക്കും. 

ചരക്ക‌് കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിച്ചും പൊതുവിതരണ സമ്പ്രദായം സാർവത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, തൊഴിലുകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ച‌് തൊഴിലില്ലായ‌്മ നിയന്ത്രിക്കുക, എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ സാർവത്രികമാക്കുക, പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കി വില സൂചികയുമായി ബന്ധപ്പെടുത്തുക, തൊഴിലെടുക്കുന്നവർക്കെല്ലാം പ്രതിമാസം 3000 രൂപ പെൻഷൻ ഉയർത്തിനൽകുക, കേന്ദ്ര–- സംസ്ഥാന പൊതുമേഖലയുടെ ഓഹരി കൈയൊഴിയുന്ന തന്ത്രപ്രധാന വിൽപന നിർത്തലാക്കുക, തൊഴിൽ നിയമഭേദഗതികൾ പിൻവലിക്കുക, റെയിൽവേയിലെയും ഇൻഷുറൻസിലെയും പ്രതിരോധ മേഖലയിലെയും വിദേശനിക്ഷേപ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് ദേശീയ പണിമുടക്ക‌്.

kasaragod, kerala, news, skyler-ad, Strike; trade union starts vehicle march .