സി.പി.എം നേതാവും മുൻ എം.എൽ.എ യുമായിരുന്ന സൈമൺ ബ്രിട്ടോ അന്തരിച്ചു


തൃശൂർ‌: ഡിസംബര്‍ 31.2018സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ (64)അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽ‌ചെയറിലാണു പൊതുപ്രവർത്തനം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ തളർന്നിരുന്നെങ്കിലും പൊതുരംഗത്തും സാംസ്കാരിക മേഖലയിലും സജീവമായിരുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമൺ ബ്രിട്ടോ. 2006 മുതല്‍ 2011 വരെ കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ബ്രിട്ടോ. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ എഴുതിയിരുന്നു.

1983 ഒക്ടോബർ 14 നാണ് നട്ടെല്ല്, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ കുത്തേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ബ്രിട്ടോ പിടഞ്ഞുവീണത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാർഥിയുമായിരുന്നു അന്നു ബ്രിട്ടോ. മഹാരാജാസ് കോളജിലെ എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനത്തിൽ പരിക്കേറ്റ എസ്എഫ്ഐക്കാരെ സന്ദർശിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. 

കെഎസ്‌യു പ്രവർത്തകർ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീൽചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം. ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു പിന്നീട് സീന ഭാസ്കർ എന്ന യുവനേതാവ് സഖാവായെത്തി. ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീടു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായി. മകൾ: കയനില.


kerala, news, skyler-ad, Obituary, Simon britto, Death, Simon britto passes away.