യാത്രാ സംവിധാനം സ്മാർട്ടാക്കാൻ മൊബൈൽ ആപ്പുമായി മംഗളൂരു ജില്ലാ ഭരണകൂടംമംഗളൂരു: ഡിസംബര്‍ 21.2018. മംഗളൂരുവിൽ ഗതാഗതസംവിധാനം സ്മാർട്ടാക്കാൻ ജില്ലാ ഭരണകൂടം. ബസ്സുകളുടെ റൂട്ടു മാറി ഓടൽ, സമയം തെറ്റിച്ച് ഓടൽ തുടങ്ങിയവ പരിശോധിക്കുന്നതിനും ആവശ്യക്കാർക്ക് ഓൺലൈനായി ഓട്ടോ വിളിക്കാനുമെല്ലാം ഉതകുന്ന മൊബൈൽ ആപ്ലിക്കേഷൻ ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിൽ വരും. സിറ്റി ബസുകൾക്കു കളർ കോഡും നിർബന്ധമാക്കി. സ്മാർട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായാണിത്. 

തുടക്കത്തിൽ ബസ്സുകളുടെ നിയന്ത്രണമാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മംഗളൂരുവിലെ സിറ്റി ബസുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ടാഗ് സ്ഥാപിക്കാൻ നിർദേശം നൽകി. ജിപിഎസ് ഘടിപ്പിക്കലും ആരംഭിച്ചു. നഗരത്തിലെ 350 സിറ്റി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളും മാപ്പും തയാറായി വരികയാണ്. ഈ സംവിധാനങ്ങൾ പുതുതായി രൂപകൽപന ചെയ്യുന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണു നിയന്ത്രണം സാധ്യമാക്കുക.

ബസുകൾ സഞ്ചരിക്കുന്ന റൂട്ട്, സമയക്രമം തുടങ്ങിയവ പരിശോധിക്കുന്നതിനു പുറമേ യാത്രക്കാർക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും ആപ്പിൽ സൗകര്യം ഉണ്ടാകുമെന്ന് ജില്ലാ ഡപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. എസ് ശശികാന്ത് സെന്തിൽ പറഞ്ഞു.

ഓൺലൈൻ ടാക്സി മാതൃകയിൽ യാത്രക്കാർക്ക് ഓട്ടോ വിളിക്കാനുള്ള സൗകര്യവും ഈ ആപ്പിലുണ്ടാവും. ഇതിൽ ഉൾപ്പെടുത്താൻ ഓട്ടോകൾ രജിസ്റ്റർ ചെയ്യുകയും വേണം. സിറ്റി ബസുകൾക്ക് കളർ കോഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഡിസി അറിയിച്ചു. മധ്യത്തിൽ മൂന്നു വെളുത്ത വരകളോടുകൂടിയ ഇളംനീല നിറമാണു നിർദേശിച്ചിരിക്കുന്നത്.

mangalore, news, ബെംഗളൂരു, ദേശീയം, transit-ad, New mobile app to rectify transport department problems.