മുത്തലാഖ് ബിൽ; കുഞ്ഞാലിക്കുട്ടിയുടെ അസാന്നിദ്ധ്യം വിവാദമാകുന്നു


ഡിസംബര്‍ 28.2018. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്‍ലിം ലീഗിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം. മൂന്ന് മാസം കഴിഞ്ഞ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിന്റെ ഏഴയലത്ത് പോലും ഉണ്ടായിരുന്നില്ല.

ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‍ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഇപ്പോളുയര്‍ത്തുന്നുണ്ട്. ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ ആഞ്ഞടിച്ചിരുന്നു.

kerala, news, skyler-ad, Muthalaq; absence of Kunhalikutty making controversy.