ശോഭാ സുരേന്ദ്രനെ സന്ദർശിച്ച ലീഗ് നേതാവിനെ പുറത്താക്കി


മഞ്ചേശ്വരം: ഡിസംബര്‍ 28.2018. സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്ര​ന്‍റെ നിരാഹാര പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത്‌ മൂന്നാം വാർഡ് ലീഗ് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാജിയെയാണ് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

വാർഡ് കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിങ്​ പ്രസിഡൻറായി സീനിയർ വൈസ് പ്രസിഡൻറ്​ യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗൽപാടി പഞ്ചായത്തിൽ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രശ്നം സജീവ ചർച്ചയായതോടെ നേതൃത്വത്തിനെതിരെ അണികളിൽ നിന്നും പ്രതിഷേധം ഉയർന്നു വന്നതോടെയാണ് നടപടിക്ക് പാർട്ടി നിർബന്ധിതമായത്. എന്നാൽ, വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂർ വക്കീലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയ പാർട്ടി, ബി.ജെ.പിയുടെ ഔദ്യോഗിക സമരപ്പന്തലിൽ ചെന്ന് ശോഭ സുരേന്ദ്ര​നൊപ്പം സെൽഫിയെടുത്ത നേതാവിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.

Manjeshwar, kasaragod, kerala, news, muslim league, Muslim league leader outed from party.