മൊഗ്രാലിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു


കുമ്പള: ഡിസംബര്‍ 05.2018. മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മീലാദ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ  അറിയിച്ചു. മുപ്പതു വർഷങ്ങൾക്ക് ശേഷമാണ് മീലാദ് നഗറിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ഫെസ്റ്റ് സംഘടിപ്പിച്ചു വന്നിരുന്ന കൂട്ടായ്മയിലെ അംഗങ്ങൾ ജീവിതമാർഗ്ഗങ്ങൾ തേടി  വിവിധ ഭാഗങ്ങളിൽ പോയതാണ് മീലാദ് ഫെസ്റ്റ് നീണ്ട കാലത്തോളം നിന്നുപോകാൻ കാരണമായത്. വർഷങ്ങൾക്കു ശേഷം പഴയ സംഘാടകരിൽ  ഭൂരിഭാഗവും നാട്ടിൽ സംഗമിച്ചതോടെയാണ് വീണ്ടുമൊരു  മീലാദ് ഫെസ്റ്റിന് വഴിതെളിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. 

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തു. മീലാദ് കമ്മിറ്റി മുതിർന്ന  അംഗമായ  എം എ ഹംസ പതാക ഉയർത്തി. വെള്ളിയാഴ്ച രാവിലെ പരിപാടികൾക്ക് തുടക്കമാവും. രാവിലെ 9.30ന് ദീനീ സേവന രംഗത്തെ മുസ്ലിം സ്ത്രീകൾ  എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിക്കും. ഹഫ്സത്ത് ടീച്ചർ പടന്ന ക്ലാസെടുക്കും. കമ്മിറ്റിയംഗം എം എം റഹ്മാൻ അധ്യക്ഷത വഹിക്കും. എം പി  അബ്ദുൽ ഖാദർ സ്വാഗതം പറയും. 

ജുമുഅക്ക് ശേഷം വലിയ ജുമാ മസ്ജിദ് ഖത്തീബ് മുജീബുറഹ്മാൻ നിസാമി, ഷാഫി ജുമാ മസ്ജിദ് ഇമാം അബ്ദുൽ കരീം ഫൈസി എന്നിവരുടെ നേതൃത്വത്തിൽ മൗലൂദ് പാരായണം നടക്കും. 3.30 ന് പഴയ കാല പ്രവർത്തകൻ എംപി എ റഹ്മാൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും. എം എ മൂസ അനുസ്മരണ പ്രഭാഷണം നടത്തും. ശാഫി മീലാദ് നഗർ അധ്യക്ഷത വഹിക്കും.  സി എച്ച് ഖാദർ സ്വാഗതം  പറയും.

നാല് മണിക്ക് മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സര പരിപാടികൾക്ക് തുടക്കമാവും. മൊഗ്രാലിലെയും പരിസര പ്രദേശങ്ങളിലെയും ഏഴ് മദ്രസകളിൽ നിന്നുള്ള സീനിയർ വിദ്യാർത്ഥികൾ പങ്കെടുക്കും. 6.30ന് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗം എം എ ഖാസിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ടി പി  മുഹമ്മദ് അധ്യക്ഷത വഹിക്കും. 'നന്മയുടെ കൂട്ടായ്മകൾ' എന്ന വിഷയത്തിൽ സലാം വാഫി  മലപ്പുറം പ്രഭാഷണം  നടത്തും. എം എ അബ്ദുൽ റഹിമാൻ  സ്വാഗതം പറയും.

8.30 ന്  പൂർവ്വ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ക്വിസ് മത്സരം, പഴയ  മീലാദ് കമ്മിറ്റി അംഗങ്ങളെ ആദരിക്കൽ, സമ്മാനദാനം എന്നിവ നടക്കും. പത്തു മണിക്ക് മജ്ലിസുന്നൂർ, പ്രാർത്ഥന എന്നിവയ്ക്ക് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ നേതൃത്വം നൽകും. ടി എ ജലാൽ നന്ദി പറയും.

വാർത്ത സമ്മേളനത്തിൽ എം എ മൂസ, എം എം റഹ്മാൻ,  എം എ അബ്ദുൽ റഹിമാൻ യു എ ഇ, എം പി അബ്ദുൽ ഖാദർ, സി എച്ച് ഖാദർ, ഷാഫി മീലാദ് നഗർ, ടി.പി അബ്ദുല്ല, റിയാസ് മൊഗ്രാൽ, എം എ ഹംസ, ബി എ മുഹമ്മദ് കുഞ്ഞി,  അബ്ദുൽ ഖാദർ എം, അബ്കോ മുഹമ്മദ്,  കെ പി മുഹമ്മദ്  എന്നിവർ സംബന്ധിച്ചു.

kumbla, kasaragod, kerala, news, transit-ad,  Meelad fest, Meelad fest conducting in Mogral.