അശ്വമേധം 2018 കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി ബുധനാഴ്ച ആരംഭിക്കും


കാസർകോട്, ഡിസംബര്‍ 04.2018 ● ജില്ലയെ സമ്പൂർണ കുഷ്ഠരോഗ വിമുക്തമാക്കാനായി ജില്ലാ കുഷ്ഠരോഗ നിർമാർജന യൂണിറ്റ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച മുതൽ 18 വരെ "അശ്വമേധം' എന്ന പേരിൽ ‍കുഷ്ഠരോഗ നിർണയ പ്രചാരണം സംഘടിപ്പിക്കുമെന്ന്‌ കലക്ടർ ഡോ. ഡി സജിത്‌ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ കാലയളവിൽ ആശാപ്രവർത്തകരും സന്നദ്ധസേവകരുമടങ്ങിയ 1297 സംഘം ജില്ലയിലെ എല്ലാ വീടുകളിലും സന്ദർശിച്ച്‌ കുഷ്ഠരോഗ പരിശോധന നടത്തും.

ബുധനാഴ‌്ച രാവിലെ 8.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പരിശോധിച്ച‌് ജില്ലാതല പരിപാടികൾക്ക‌് തുടക്കമിടും. ജില്ലയിൽ നാല‌് കുട്ടികളുൾപ്പെടെ 11 പേർക്കാണ‌് ഈ വർഷം രോഗംബാധിച്ചതായി സ്ഥിരീകരിച്ചത‌്. ജില്ലയുടെ വടക്കൻ മേഖലയിലാണ‌് രോഗം കൂടുതലായി കണ്ടെത്തിയിട്ടുള്ളത‌്.

രോഗമുണ്ടെന്ന‌് സംശയിക്കുന്നവരെ വിശദമായ പരിശോധയ്ക്കു വിധേയമാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും പബ്ലിക് ഹെൽത്ത് നേഴ്‌സുമാരെയും ചുമതലപ്പെടുത്തി. കുഷ്ഠരോഗം കണ്ടെത്തുന്നവർക്ക് പിഎച്ച്‌സി ഉൾപ്പെടെയുള്ള മുഴുവൻ സർക്കാർ ആശുപത്രികളിലും ചികിത്സയൊരുക്കിയിട്ടുണ്ട്‌. സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സക്ക്‌ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിപാടി നടപ്പാക്കുന്നത്. 

പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമായതിനാൽ ആരംഭത്തിൽതന്നെ കണ്ടെത്തിയാൽ രോഗം കാരണമുണ്ടാകുന്ന അംഗവൈകല്യം തടയാനാകുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ കെ ഷാന്റി അറിയിച്ചു. 

വാർത്താസമ്മേളനത്തിൽ അസി. ലെപ്രസി ഓഫീസർ വി എൻ ഷാജികുമാറും പങ്കെടുത്തു.

leprocy-detection-campaign