ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ മലയോര പാതക്ക് തുടക്കമായി


ഉപ്പള: ഡിസംബര്‍ 18.2018. ജില്ലയുടെ വികസന സ്വപ്‌നങ്ങൾക്ക്‌ നിറം നൽകി മലയോര ഹൈവേയുടെ നിർമാണത്തിന്‌ തുടക്കം. കാസർകോട് നന്ദാരപ്പദവ് മുതൽ തിരുവനന്തപുരം പാറശാല വരെ 1251 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയുടെ ആദ്യ റീച്ചായ നന്ദാരപ്പദവ്- ചേവാർ പാതയുടെ നിർമാണോദ്ഘാടനം പൈവളിഗെയിൽ കഴിഞ്ഞ ദിവസം  മന്ത്രി ജി സുധാകരൻ നിർവഹിച്ചിരുന്നു.

സാമൂഹിക- സാംസ്‌കാരിക വ്യവഹാരങ്ങൾക്കുവേണ്ടി മറ്റു പ്രദേശങ്ങളിലെത്തുന്നതിനായി ഏറെക്കുറേ വാഹന സാന്ദ്രതയേറിയ ദേശീയ പാതയെ ആശ്രയിക്കുന്നതിനു പകരം സപ്തഭാഷാ സംഗമഭൂമിക്ക് ഇനി പ്രകൃതിരമണീയമായ മലയോര ഹൈവേ പുതിയ പാത തുറക്കും. അന്താരാഷ്ട്ര നിലവാരമുള്ള റോഡ് വരുന്നതോടെ കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തിന്റെ പ്രധാന വാണിജ്യ പാതയായി മലയോര ഹൈവേ മാറുകയും തുളുനാടൻ ജനതയുടെ സാമ്പത്തിക വികാസത്തിന് അനന്തമായ വികസന പ്രതീക്ഷകൾക്കു ഗതിവേഗം കൂട്ടുകയും ചെയ്യും. 

കേരള സർക്കാരിന്റെ കാലിക പ്രാധാന്യമുള്ളതും 2017- 18 ബജറ്റിൽ പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളതുമായ ഈ പദ്ധതിക്ക് 3500 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നന്ദാരപ്പദവിൽ നിന്നാരംഭിച്ചു ചേവാറിൽ അവസാനിക്കുന്ന മലയോര ഹൈവേയുടെ ഈ ഭാഗത്തേക്കുള്ള റോഡ് നിർമാണത്തിനു കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 54.76 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. 

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോർക്കാടി, മീഞ്ച, പൈവളിഗെ എന്നീ മൂന്നു പഞ്ചായത്തുകളിലൂടെയാണു മലയോര ഹൈവേ കടന്നു പോവുന്നത്. ഏഴു മീറ്റർ വാഹന പാതയും ഇരുവശത്തായി ഓരോ മീറ്റർ നടപ്പാതയുമുൾപ്പെടെ ഒമ്പതുമീറ്റർ വീതിയിലാണു മലയോര ഹൈവേ നിർമിക്കുന്നത്. ചേവാർ വരെയുള്ള 23 കിലോ മീറ്റർ മേഖലയ്ക്കിടയിൽ 43 കൾവർട്ടുകൾ പുതുക്കിപ്പണിയുകയും എട്ടെണ്ണം പുതിയതായി നിർമ്മിക്കുകയുംചെയ്യും.

uppala, kasaragod, kerala, news, GoldKing-ad,  Kasaragod hill highway construction begins.