കണ്ണൂർ വിമാനത്താവളം നാളെ നാടിന് സമർപ്പിക്കും; ആദ്യവിമാനം അബുദാബിയിലേക്ക്


കണ്ണൂർ: ഡിസംബര്‍ 08.2018. കണ്ണൂരിന്റെ വികസന വിഹായസിൽ വിമാനത്തിന്റെ ചിറകടി ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. പതിറ്റാണ്ടുകളായി ഉത്തരമലബാർ കാത്തിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ‌്ച നാടിന‌് സമർപ്പിക്കും. ലക്ഷങ്ങളെ സാക്ഷിയാക്കി രാവിലെ പത്തിന് വിമാനത്താവളം മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാവും. തുടർന്ന‌് ഇരുവരും ചേർന്നു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവിമാനം കണ്ണൂരിന്റെ നീലാകാശത്തേക്ക‌് പറന്നുയരും.

നിറയേ യാത്രക്കാരുമായി പ്രഥമ എയർ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനം അബുദാബിയിലേക്ക‌ാണ‌് പറക്കുന്നത‌്. രാവിലെ ആറിന് പ്രഥമ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂർ സഹകരണ ബാങ്ക് പരിസരത്ത് വച്ചു വിമാനത്താവളത്തിലേക്ക‌് സ്വീകരിച്ചാനയിക്കും. പാസഞ്ചർ ടെർമിനൽ എത്തുന്ന യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിനു മുന്നിൽ വ്യവസായമന്ത്രി ഇ പി  ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിക്കും. 

തുടർന്നു ചെക്ക‌്  കൗണ്ടറിൽ യാത്രക്കാർക്ക് ബോർഡിങ്ങ് പാസ് നൽകും. മുഖ്യവേദിയിൽ 7.30ന് കലാപരിപാടികൾ ആരംഭിക്കും. ഡിപ്പാർച്ചർ ഏരിയയിൽ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും എടിഎം ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രനും ഫോറിൻ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയും നിർവഹിക്കും. അന്താരാഷ്ട്ര ടെർമിനലിൽ ‘മലബാർ കൈത്തറി' ഇൻസ്റ്റലേഷൻ അനാഛാദനം മന്ത്രി ഇ പി ജയരാജനും ഫുഡ് ആൻഡ് ബീവറജേ്‌സ് സർവീസസ് മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. 

തുടർന്ന‌് യാത്രക്കാർക്ക് മന്ത്രിമാർ ഉപഹാരം നൽകും.
ഒമ്പതിന‌് വിമാനത്താവളത്തിലെ സിഐഎസ്എഫിൽനിന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. തുടർന്ന‌്ദേശീയ പതാക ഉയർത്തും . 
പത്തിന് മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാവും. മുഖ്യമന്ത്രി ഫലക അനാഛാദനവും ഉദ്ഘാടന പ്രസംഗവും നിർവഹിക്കും.  കിയാൽ എംഡി വി തുളസീദാസ് പ്രൊജക്ട് അവതരണവും കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി കമൽ നയൻ ചൗബി മുഖ്യ പ്രഭാഷണവും നടത്തും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറയും.
ഉദ‌്ഘാടനദിവസം പതിനഞ്ചോളം വിമാനങ്ങൾ വിമാനത്താവളത്തിലുണ്ടാവും. 

അബുദാബിയിലേക്കുള്ള ആദ്യവിമാനം പോയ ശേഷം 11.30ന‌് ഡൽഹിയിൽനിന്ന‌ുളള ഗോ എയർ വിമാനം കണ്ണൂരിൽ എത്തും. ഇതേ വിമാനം പകൽ മൂന്നിന‌് മന്ത്രിമാരും മറ്റ‌് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക‌് തിരിക്കും. അബുദാബിക്ക‌് പുറമേ റിയാദിലേക്കും എയർ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനം സർവീസ‌് നടത്തുന്നുണ്ട‌്. കണ്ണൂർ–- അബുദാബി വിമാനം ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ‌് സർവീസ‌് നടത്തുന്നത‌്. അതേ ദിവസങ്ങളിൽ തിരിച്ചും സർവീസ‌് നടത്തും. കണ്ണൂർ–- റിയാദ‌് വിമാനം വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ‌് സർവീസ‌് നടത്തുക. റിയാദ‌് –- കണ്ണൂർ തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിലും. കണ്ണൂരിൽനിന്ന‌്  ദോഹയിലേക്ക‌് ആഴ‌്ചയിൽ നാലു ദിവസം സർവീസ‌ുണ്ട‌്. തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലാണ‌് ഷെഡ്യൂൾ.  മടക്കയാത്രയും ഇതേ ദിവസങ്ങളിൽതന്നെയാണ‌്.  

ദുബായ‌്, മസ‌്ക്കറ്റ‌്  സർവീസുകളും താമസിയാതെ തുടങ്ങും.  
ഗോ എയർ ആഭ്യന്തര സർവീസുകളാണ‌് പ്രഖ്യാപിച്ചിട്ടുള്ളത‌്. കണ്ണൂർ –-ബംഗളൂരു സർവീസും തിരിച്ചു ചൊവ്വാഴ‌്ച ഒഴിച്ചുള്ള ബാക്കി ദിവസങ്ങളിലുണ്ടായിരിക്കും. കണ്ണൂർ–- ഹൈദരാബാദ‌് സർവീസ‌് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ‌്. കണ്ണൂർ –- ചെന്നൈ സർവീസ‌് ചൊവ്വ, വ്യാഴം, ശനിയാഴ‌്ച ദിവസങ്ങളിലാണ‌് ഷെഡ്യൂൾ ചെയ‌്തിരിക്കുന്നത‌്.  കൂടുതൽ വിമാനക്കമ്പനികൾ താമസിയാതെ കണ്ണൂരിൽനിന്ന‌് സർവീസ‌് തുടങ്ങുമെന്ന‌് പ്രഖ്യാപിച്ചിട്ടുണ്ട‌്.

kannur, kerala, news, kids camp ad, Kannur airport service starts on Tomorrow; first flight to Abhudhabi.