ഗദ്ദിക മേളക്ക് ഞായറാഴ്ച തിരശീല വീഴും


കാലിക്കടവ്: ഡിസംബര്‍ 30.2018. സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായ ഗദ്ദിക മേളക്ക് ഞായറാഴ്ച തിരശീല വീഴും. പട്ടികജാതി -പട്ടികവര്‍ഗ–കിര്‍ത്താഡ്‌സ് വകുപ്പുകള്‍ സഹകരിച്ച് സംഘടിപ്പിച്ച ഗദ്ദിക- 2018 സംസ്ഥാനതല നാടന്‍കലാമേളയും ഉൽപന്നപ്രദര്‍ശന വിപണനമേള ഒമ്പത് ദിവസം കാലിക്കടവിന‌് വ്യത്യസ‌്തമായ അനുഭവമാണ‌് സമ്മാനിച്ചത‌്. ഞായറാഴ്ച വൈകിട്ട് സമാപന സമ്മേളനം  മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ സോമപ്രസാദ് എം പി മുഖ്യാതിഥിയാകും.  

എം രാജഗോപാലൻ എംഎൽഎ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ‌്  ടി വി ശ്രീധരൻ വർക്കിങ‌് ചെയർമാനുമായ സംഘാടക സമിതിയുടെ ചിട്ടയായ പ്രവർത്തനം മേളയ‌ുടെ വിജയത്തിന‌് സഹാകരമായി. ശനിയാഴ്ച വരെ 37 ലക്ഷം രൂപയുടെ വിറ്റുവരാണ് കണക്കാക്കിയത്. ഞായറാഴ്ചത്തെ വിറ്റുവരവ് കൂടി ലഭിക്കുന്നതോടെ കഴിഞ്ഞ തവണത്തെ 40 ലക്ഷം കവിയും. 60 ഓളം സ്റ്റാളുകളിൽ വിൽപനക്കു കൊണ്ടുവന്ന ഉൽപന്നങ്ങളിൽ ആദ്യ ദിവസങ്ങളിൽ വിറ്റുതീർന്നിരുന്നു. കൂടാതെ വംശീയ ഭക്ഷണവും ചികിൽസക്കും ആവശ്യക്കാരുടെ വൻ തിരക്കായിരുന്നു. രാവിലെ നാലു മുതൽ ആരംഭിക്കുന്ന ആവികുളി രാത്രി വൈകുവോളം തിരക്കൊഴിയാറില്ല. 

ജില്ലയിൽ ആദ്യമായെത്തിയ ഗദ്ദികയിൽ മുമ്പെങ്ങും ഇല്ലാത്ത ജനത്തിരക്കാണ് കാലിക്കടവിലേത്. വൈകിട്ട് നടക്കുന്ന കലാപരിപാടികൾ  ആസ്വദിക്കുന്നതിനും തിങ്ങിനിറഞ്ഞ വേദിയായിരുന്നു ദിവസവും. 40 ഓളം നാടൻ കലകളാണ് അവതരിപ്പിച്ചത്. സംഗീത നാടക അക്കാദമിയുടേയും കേരള കലാ മണ്ഡലത്തിന്റെ സംഗീത പരിപാടിയും നാടകങ്ങളും അരങ്ങേറി. 

ശനിയാഴ്ച പാണപൊറാട്ട്, പുറമാടിയാട്ടം, പാക്കനാർ കോലം, ഇരുള നൃത്തം, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. അന്യം നില്‍ക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് ഗദ്ദിക ഒരുക്കിയത്.

kasaragod, kerala, news, Gadhika mela ends.