കണ്ണൂർ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു; അബുദാബിയിലേക്കുള്ള ആദ്യവിമാനം ഫ്ലാഗ് ഓഫ് ചെയ്തു


കണ്ണൂർ: ഡിസംബര്‍ 09.2018. അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരിൽനിന്ന് പറന്നുയർന്നത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന വേദിയിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങുകളോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ വാദ്യമേളവും കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. 

185 പേരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. നാളെ മുതല്‍ കൃത്യമായ സമയക്രമം അനുസരിച്ച് വിമാനം സര്‍വീസ് നടത്തും. രാവിലെ 11 മണിയോടെ ബെംഗളൂരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തും. ഗോ എയര്‍ വിമാനങ്ങളും, ഇന്‍ഡിഗോ വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സേവനങ്ങള്‍ ആരംഭിക്കും.

മന്ത്രിമാരായ ഇ.പി ജയരാജന്‍ പി.കെ ശ്രീമതി, എ.കെ ശശീന്ദ്രന്‍, കെ.കെ. ശൈലജ, ഇ.പി. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, വ്യവസായി എം.എ.യൂസഫ് അലി എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി.

kannur, kerala, news, skyler-ad, First flight to Abu Dhabi flagged off in Kannur airport.