വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ


കാസർകോട്‌: ഡിസംബര്‍ 02.2018. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ രാഷ്ട്രീയപാർട്ടികൾ സഹകരിക്കണമെന്ന് ഇലക്ടറൽ റോൾ ഒബ്‌സർവർ ടി വി സുഭാഷ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ച കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ ഇലക്ടറൽ റോൾ ഒബ്‌സർവറാണ്‌ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൂടിയായ ടി വി സുഭാഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനതകളില്ലാത്ത വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

അർഹനായ ഒരാൾപോലും വോട്ടർപട്ടികയിൽനിന്ന് ബോധപൂർവം ഒഴിവാക്കപ്പെടരുത്. അനർഹരും മരിച്ചവരും വോട്ടർപട്ടികയിൽ കടന്നുകൂടാനും പാടില്ല. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥലത്തെ വോട്ടർപട്ടികയിൽ പേരുണ്ടാകാനും പാടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. 

ഒരാഴ്ചക്കകം ബൂത്ത് തലത്തിൽ യോഗം ചേർന്ന് വോട്ടർപട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സ്വീകരിക്കണം. തെറ്റുകൾ തിരുത്താനും വ്യക്തതയില്ലാത്ത ഫോട്ടോകൾ മാറ്റുന്നതിനും വോട്ടർമാർ സ്വയം മുന്നോട്ടുവരണം. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തിയ 20 ബൂത്തുകളിലെ പട്ടിക ഒബ്‌സർവർ പരിശോധിക്കും. 2019 ജനുവരി നാലിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. 

കലക്ടർ ഡോ. ഡി സജിത്ത് ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ കെ രമേന്ദ്രൻ, രാഷ്ട്രീയപാർടി പ്രതിനിധികളായ കെ എ മുഹമ്മദ് ഹനീഫ,എം കുഞ്ഞമ്പു നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബാലകൃഷ്ണ ഷെട്ടി, ടി ഇ അബ്ദുള്ള എന്നിവർ സംസാരിച്ചു.
kasaragod, kerala, news, GoldKing-ad, Election Commission seeks political parties help for clear voter list.