പൊലീസ് മണൽ വിരിച്ചിട്ടുണ്ട്; കുടിക്കാം, മത്തുപിടിച്ച് ഉറങ്ങാം


കുമ്പള: ഡിസംബര്‍ 06.2018. കുമ്പള പൊലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട മണൽ മദ്യപാനികൾക്ക് താവളമാകുന്നു. രാപകലന്യേ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധിയാളുകളാണ് കുമ്പള പൊലീസ് സ്റ്റേഷന് അമ്പത് മീറ്ററിൽ താഴെ മാത്രം അകലെയുള്ള മണൽ പരപ്പിലിരുന്ന് മദ്യപിച്ച് മയങ്ങി വീഴുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൂടിയിരുന്ന് മദ്യപിച്ച് ലക്കുകെട്ട് വീണ അഞ്ചുപേരിൽ മൂന്നു പേർ രാത്രിയോടെയാണ് ഇവിടം വിട്ടത്. ഉച്ചയോടെ മത്തുപിരിഞ്ഞ രണ്ടു പേരിലൊരാൾ വൈകുന്നേരം എത്തി ഇവരെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ദേഹം മുഴുവൻ ചർദ്ദിച്ച് അവശനായിക്കിടന്ന കൂട്ടത്തിലൊരാളെ വൃത്തിയാക്കിക്കിടത്തിയതിന് ശേഷം രാത്രിയോടെയാണ് കിടന്ന സ്ഥലത്തു നിന്നും മാറ്റിയത്. 

വ്യാഴാഴ്ച മൂന്നംഗ സംഘമാണ് ഇവിടെ മദ്യപിക്കാനെത്തിയത്. രാവിലെ 8.30 ന് എത്തിയ സംഘം ഒരു മണിയോടെ സ്ഥലം വിട്ടു. പൊലീസ് സ്റ്റേഷനും കുമ്പള സ്കൂളിനും ഇടയിലുള്ള ആൽമരച്ചുവട്ടിലാണ് ദൂരെ ദിക്കുകളിൽ നിന്നു വരെ മദ്യപാനികളെത്തുന്നത്. ഇത് സ്കൂൾ വിദ്യാർത്ഥികൾക്കും ഭീഷണിയാവുന്നുണ്ട്. ഉച്ച സമയങ്ങളിലും പി ടി പിരീഡുകളിലും ഇവിടെ പെൺകുട്ടികളുൾപ്പെടെ നിരവധി വിദ്യാർത്ഥികൾ കളിക്കാനെത്തുന്നുണ്ട്. 

കൂടാതെ സ്കൂൾ വിട്ടതിന് ശേഷം സന്ധ്യയാകുന്നതുവരെ ഈ പ്രദേശത്ത് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്ന വിദ്യാർത്ഥികളെയും കാണാനാകും. ഇവർക്കും മദ്യപാനികൾ ശല്യമാകുന്നുണ്ട്. പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

kumbla, kasaragod, kerala, news, skyler-ad, Drunkards increase near Kumbla police station.