ദേശീയ പാത വികസനം; ജനുവരിയിൽ തുടങ്ങും


കാസർകോട‌്: ഡിസംബര്‍ 29.2018. വർഷങ്ങളുടെ കാത്തിരിപ്പിന‌് ശേഷം നാലുവരി ദേശീയപാത വികസനത്തിന‌് തലപ്പാടി മുതൽ കാലിക്കടവ‌് വരെ ഭൂമി ഏറ്റെടുത്തതോടെ പ്രവൃത്തി പുതുവർഷത്തിൽ തുടങ്ങുമെന്നാണ്‌ പ്രതീക്ഷ. ഏറ്റെടുത്ത ഭൂമിക്ക‌് നഷ്ടപരിഹാരം നൽകുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 45 മീറ്ററിൽ  തന്നെ ആറുവരി പാതയാക്കാനും പദ്ധതിയുണ്ട‌്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ പുതുവർഷം  ആദ്യം പ്രവൃത്തി തുടങ്ങും. അവസാന കണക്ക‌് പ്രകാരം ഈ മേഖലയിൽ 45 മീറ്റർ വീതിയിൽ ദേശീയതപാത വികസനത്തിന‌് 95 ഹെക്ടർ ഭൂമി മതി. ഭൂമി ഏറ്റെടുത്തവർക്ക‌് നഷ്ടപരിഹാരം നൽകാനായി ദേശീയപാത അതോറിറ്റി 361.56 കോടി അനുവദിച്ചു. 

ജില്ലയിൽ ഭൂമി ഏറ്റെടുത്ത 4500 പേർക്കായി 1200 കോടിയോളം രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും. തലപ്പാടി മുതൽ കാലിക്കടവ് വരെ 87 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസിപ്പിക്കുക. തലപ്പാടി ചെങ്കള, ചെങ്കള– നീലേശ്വരം റീച്ചുകളിലെ റോഡ‌് നിർമാണമാണ‌് സംസ്ഥാനത്ത‌് ആദ്യം തുടങ്ങുക. തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിനായി 1270  കോടി രൂപയും ചെങ്കള– നീലേശ്വരം പള്ളിക്കര മേൽപാലം  വരെയുള്ള  37 കിലോമീറ്റർ റോഡിനായി 1400 കോടി രൂപയാണ‌് നിർമാണ ചെലവ‌്.  

നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കിലോ മീറ്റർ  റോഡ‌് വികസനം കണ്ണൂർ ഭാഗത്താണ്‌ ഉൾപ്പെടുന്നത‌്. 780 മീറ്റർ വരുന്ന നാലുവരി നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുകയാണ‌്. 82 കോടി രൂപയാണ‌് നിർമാണ ചെലവ‌്.
കെട്ടിടങ്ങളില്ലാത്ത ഭൂമി മാത്രം നഷ്ടപ്പെടുന്നവർക്ക് നാമമാത്ര നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് പരാതിയുണ്ട്.

kasaragod, kerala, news, kids camp ad, Development of national highway; starts in January.