ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്: ആറാമതും അജയ്യനായി മൂസാ ഷരീഫ്


കൊച്ചി: ഡിസംബര്‍ 17.2018. കഴിഞ്ഞ 27 വർഷമായി ദേശീയ-അന്തർ ദേശീയ കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫിന്റെ തൊപ്പിയിൽ വീണ്ടും ഒരു പൊൻതൂവൽ. കാർ റാലി മേഖലയിൽ ഇന്ത്യയിലെ അജയ്യ ശക്തി തങ്ങളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് മൂസാ ഷരീഫ്- ഗൗരവ് ഗിൽ സഖ്യം ദേശീയ കാർറാലി ചാമ്പ്യൻഷിപ്പിൽ ആറാമതും മുത്തമിട്ടു.

അഞ്ച് റൗണ്ടുകൾ അടങ്ങിയ എം ആർ എഫ് -എഫ്.എം എസ് സി ഐ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്-2018 ന് കൊച്ചിയിൽ നടന്ന പോപ്പുലർ റാലിയോടെയായിരുന്നു ഈ വർഷം സമാപനം കുറിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 4 റൗണ്ടുകൾ കഴിഞ്ഞപ്പോൾ പിന്നിലായിരുന്ന മൂസാ ഷരീഫ് സഖ്യത്തിന് അന്തിമ റൗണ്ടിലെ വിജയം അനിവാര്യമായിരുന്നു. മികച്ച പ്രകടനത്തോടെ, 36 ടീമുകൾ മത്സരിച്ച അഞ്ചാം റൗണ്ടിൽ വെന്നിക്കൊടിപാറിച്ച മൂസാ ഷരീഫ് സഖ്യം ആറാം ദേശീയ കിരീടം മാറോടണക്കുകയായിരുന്നു. ഇതിന് മുമ്പ് 2007 , 2009 , 2011 , 2014 , 2017 വർഷങ്ങളിൽ മൂസാ ഷരീഫ് - ഗൗരവ് ഗിൽ സഖ്യം ദേശീയ കാർ റാലി കിരീടം നേടിയിരുന്നു.

അതിവേഗ റൗണ്ടടക്കമുള്ള 12 സ്റ്റേജുകൾ അടങ്ങിയതായിരുന്നു കൊച്ചിയിലെ ഫൈനൽ റൗണ്ട്. ഇഞ്ചോടിഞ്ച് പൊരുതിയ യൂനിസ് ഇല്യാസ് -കെ എൻ ഹരീഷ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഇന്ത്യയിലെ ഒന്നാം നമ്പർ റാലി ഡ്രൈവർ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേർന്ന് മഹീന്ദ്രാ അഡ്‌വെഞ്ചേഴ്സിന് വേണ്ടി കളത്തിലിറങ്ങിയാണ് ഷരീഫ് ചരിത്രത്തിലേക്ക് നടന്നു കയറിയത്. ഇതിനു പുറമെ ഒരു തവണ ഇന്ത്യൻ റാലി ചാമ്പ്യൻ പട്ടവും, ഇന്ത്യൻ നാഷണൽ എസ് യു വി ചാമ്പ്യൻ പട്ടവും മൂസാ ഷരീഫ് നേടിയിട്ടുണ്ട്. അന്തർദേശീയ റാലികളിലും ഷരീഫ് മികവ് തെളിയിച്ചിട്ടുണ്ട്.

ആറ് ദേശീയ കാർ റാലി കിരീടം  ഇതിനകം കരസ്ഥമാക്കിയ  ഷരീഫ്-ഗിൽ  സഖ്യം ഇന്ത്യൻ റാലി മേഖലയിലെ"ഭാഗ്യജോടികൾ"എന്നാണറിയപ്പെടുന്നത്.
ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം നേടിയ ഇന്ത്യയിലെ ഒന്നാം നമ്പർ നാവിഗേറ്ററും 46 കാരനുമായ മൂസാ ഷരീഫും,  സാഹസികതയുടെ തോഴനായ 35 കാരൻ ഗൗരവ് ഗില്ലും ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ അജയ്യശക്തിയായി മാറിയിരിക്കുകയാണ്. മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസറഗോഡിനും ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്നതാണ്.

kochi, kerala, news, topgrade-ad, Car rally champion ship; Moosa Shareef- Gaurav gill wins.