രാജ്യാന്തര ചലച്ചിത്ര മേളയിൽ അഭിമാനമായി കാസറഗോഡിന്റെ സ്വന്തം 'ബിലാത്തിക്കുഴൽ'


കാസർകോട്‌: ഡിസംബര്‍ 15.2018. കാസർകോട്ടുകാർക്ക്‌ അഭിമാനിക്കാൻ ഒരു സിനിമ. തിരുവനന്തപുരത്ത‌് സമാപിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച  "ബിലാത്തിക്കുഴൽ' ഒരുക്കിയത്‌  പനത്തടി പഞ്ചായത്തിലെ പ്രാന്തർകാവ്‌ സ്വദേശിയായ വിനു കോളിച്ചാലാണ്‌.  ഇതിലെ അഭിനേതാക്കളും നിർമാതാവും ക്യാമറാമാനും  ജില്ലയിൽനിന്നുള്ളവർ. 

ഫീച്ചർ സിനിമയിലേക്കുള്ള വിനുവിന്റെ ആദ്യ കാൽവയ്‌പ്പായിരുന്നു "ബിലാത്തിക്കുഴൽ'. ഒരു മണിക്കൂറും 43 മിനിറ്റും ദൈർഘ്യമുള്ള സിനിമയുടെ നിർമാണം  കുറ്റിക്കോലിലെ വ്യാപാരിയും കള്ളാർ അടോട്ടുകയ സ്വദേശിയുമായ ജോസഫ്‌ അബ്രഹാമാണ്‌. ഇടത്തോട്‌ നേരോത്ത്‌ കൂലോം ക്ഷേത്ര തറവാടും ഇരിയണ്ണി കുട്ടിയാനത്തെ ജയദീപിന്റെ വീടുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നർക്കിലക്കാട്‌ മൗവ്വേനിയിലെ കുഞ്ഞുണ്ണി എന്ന രാം രാഘവാണ്‌ ക്യാമറാമാൻ. ബാലൻ കാടകം, മധു ബേഡകം, സഞ്‌ജയ്‌ കുണ്ടംകുഴി, കെപിഎസി ഹരിദാസ്‌ കുണ്ടംകുഴി, അനീഷ്‌ കുറ്റിക്കോൽ, ഇമ്പിച്ചിയമ്മ മോനാച്ച, മിന്ന തോമസ്‌ ഉദയപുരം എന്നിവരാണ്‌ അഭിനേതാക്കൾ.

വടക്കൻ സംസ്‌കാരം വിളിച്ചോതുന്ന "ബിലാത്തിക്കുഴൽ' രൂപം കൊണ്ടത്‌ നാട്ടിൽ കണ്ടുശീലിച്ചതും പറഞ്ഞുകേട്ടതുമായ കാര്യങ്ങളിലൂടെയാണെന്ന്‌ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വിനു കോളിച്ചാൽ പറഞ്ഞു. ദീർഘഷോട്ടുകളിലൂടെ മേയ‌്ക്കിങ്ങിൽ നവീനമായ രീതി സിനിമയിൽ കൊണ്ടുവരാൻ വിനുവിന‌് കഴിഞ്ഞതായി ജൂറി വിലയിരുത്തി. രാജ്യാന്തര സിനിമകൾ മാറ്റുരച്ച മേളയിൽ കാഴ‌്ചക്കാരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റാനും ഈ സിനിമക്കായി.

"അലാമി' ഉൾപ്പെടെ ഏതാനും ഹ്രസ്വചിത്രങ്ങൾ നിർമിച്ച അനുഭവം മാത്രമാണ്‌  വിനുവിനുണ്ടായിരുന്നത്‌. ചലച്ചിത്ര സംവിധാനം സാധാരണക്കാരന്‌ അന്യമാണെന്ന ചിന്ത  സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. ഇതിന്‌ മാറ്റംവരുത്തി പുതുതലമുറയ്‌ക്ക്‌ സംവിധാന കലയിലേക്കും പ്രത്യേകിച്ച്‌ ചലച്ചിത്ര മേഖലയിലേക്കും കടന്നുവരാൻ വിനുവിന്റെ ജീവിതം വെളിച്ചം വീശുകയാണ്‌.

സിനിമക്കാരനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നതിനാൽ 15 വർഷത്തോളം സ്വന്തമായി നടത്തിയ നിരന്തര പഠനവും അന്വേഷണവുമാണ്‌ വിനുവിനെ "ബിലാത്തിക്കുഴലി'ലൂടെ ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹനാക്കിയത്‌. ആത്മവിശ്വാസവും അന്വേഷണത്വരയും അർപ്പണ മനോഭാവവുമുണ്ടെങ്കിൽ ഏത്‌ മേഖലയിലും ആർക്കും കടന്നുചെല്ലാമെന്നതിന്‌ ഉത്തമോദാഹരണമാണ്‌ കർഷകത്തൊഴിലാളികളായ കുഞ്ഞമ്പുവിന്റെയും ശാരദയുടെയും മകനായ ഈ യുവ സംവിധായകൻ.

ഗോവൻ ചലച്ചിത്രമേളയിൽ റക്കമെന്റ്‌ ലിസ്‌റ്റിൽ ഇടംപിടിച്ച "ബിലാത്തിക്കുഴൽ' ജനുവരിയിൽ കൊച്ചി ബിനാലെയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. റോട്ടർ ഡാം ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടക്കുന്ന ചലച്ചിത്ര മേളകളിലേക്കും ചിത്രം അയച്ചുകൊടുത്തിട്ടുണ്ടെന്ന്‌ വിനു പറഞ്ഞു. 

kasaragod, kerala, news, 'Bilathikkuzhal' cinema.