ഹണി ട്രാപ്പ്; മലയാളിയായ വ്യാപാരിയിൽ നിന്നും എഴുപത് ലക്ഷത്തിലധികം തട്ടിയ സ്ത്രീയുൾപ്പെടെയുള്ള നാലംഗ സംഘം പിടിയിൽ


ബംഗളൂരു ഡിസംബര്‍ 06.2018 ● ഹണി ട്രാപ്പിൽപെടുത്തി  മലയാളിയായ വ്യാപാരിയിൽ നിന്നും എഴുപത് ലക്ഷത്തിലധികം തട്ടിയ സ്ത്രീയുൾപ്പെടെയുള്ള നാലംഗ സംഘം പിടിയിലായി. ബാംഗ്ലൂരിലെ നന്ദിനി ലേ ഔട്ട് പോലീസ് പരിധിയിലാണ് സംഭവം. ബാംഗ്ലൂർ സെത്തി ഹള്ളിയിൽ കാറ്ററിംഗ് ബിസിനസ് നടത്തി വരുന്ന മലയാളിയായ കൃഷ്ണദാസ് ആണ് തട്ടിപ്പിന് ഇരയായത്. ഇയാൾ ബേബി റാണി എന്ന സ്ത്രീക്ക് തന്റെ ഉടമസ്ഥതയിലുള്ള ഒരു വീട് വാടകക്ക് നൽകിയിരുന്നു. ഈ സമയത്ത് ഇയാൾ ബേബി റാണിയെ പരിചയപ്പെട്ടു. തുടർന്ന് ഇവർ കുട്ടിയുടെ ചികിത്സക്കായി മുപ്പതിനായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം ഭർത്താവിന്റെ ചികിത്സാവശ്യത്തിനെന്ന് പറഞ്ഞ് ഒന്നേകാൽ ലക്ഷം രൂപ കൂടി കൃഷ്ണദാസിൽ നിന്നും കൈപ്പറ്റി, പിന്നീട് പുതിയ വീട് പണിയുന്നതിനായി രണ്ടര ലക്ഷം രൂപ കൂടി വാങ്ങി. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ബേബിറാണി കൃഷ്ണ ദാസിനെ വിളിക്കുകയും അവർ തമ്മിലുള്ള ചില ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്നും രണ്ടര ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ തുക നൽകി പ്രശ്നം ഒതുക്കിത്തീർക്കാൻ കൃഷ്ണദാസ് തയ്യാറാവുകയായിരുന്നു.

ഇതെല്ലാം ഹണി ട്രാപ്പ് കഥകളിലെ സ്ഥിരം ചേരുവകളാണെങ്കിലും തുടർന്ന് നടന്നത് അവിശ്വസനീയമായ  സംഭവങ്ങൾ. തുടർന്ന് ചെന്നി റാണിയുടെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി പട്ടേൽ ബാബു എന്നയാൾ കൃഷ്ണദാസിനെ ഫോണിൽ വിളിക്കുകയും ബേബി റാണി കൊല്ലപ്പെട്ടെന്നും അവരുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി അറിയിച്ചു. പ്രശ്നം ഒത്തു തീർക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് ഏഴര ലക്ഷവും ബന്ധുക്കൾക്ക് പത്ത് ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ പണവും കൃഷ്ണദാസ് നൽകി.

പിന്നീട് ഒരു മാസത്തിന് ശേഷം കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കുന്നുണ്ടെന്നും വീണ്ടും ഇരുപത്തിയഞ്ച് ലക്ഷം രൂപ  കൂടി നൽകിയില്ലെങ്കിൽ കുഴപ്പമാകുമെന്നും പറഞ്ഞ് പട്ടേൽ ബാബു ഇരുപത്തഞ്ച് ലക്ഷം 'കൂടി കൈക്കലാക്കി. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം പട്ടേൽ ബാബു വീണ്ടും കൃഷ്ണദാസിനെ  വിളിക്കുകയും  കേസ് കോടതിയിൽ എത്തിയിട്ടുണ്ടെന്നും 35 ലക്ഷം കൂടി ചെലവാക്കിയില്ലെങ്കിൽ ജയിലിലാകുമെന്നും പറഞ്ഞു.

എന്നാൽ കൃഷ്ണദാസിന് സംശയം തോന്നുകയും പോലീസിൽ അറിയിക്കുക യുമായിരുന്നു. പോലീസ് നിർദേശം അനുസരിച്ച് പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് പട്ടേൽ ബാബുവിനെ അറിയിക്കുകയും പണം ഏൽപിക്കുകയും ചെയ്തു. ഇയാളെ പിന്തുടർന്ന പോലീസ് വീട് റെയ്ഡ് ചെയ്യുകയും സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാലുപേരെ പിടികൂടുകയും ചെയ്തു. ബേബി റാണി, ഭർത്താവ് പ്രസാദ്, മകൾ പ്രീതി ഇവരുടെ ഭർത്താവ് പട്ടേൽ ബാബു എന്നിവരെയാണ് ബാംഗ്ലൂർ നന്ദിനി ലേ ഔട്ട് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിനെ വിശ്വസിപ്പിക്കുന്നതിനായി സർക്കാർ സീലുകൾ കൃത്രിമമായി നിർമ്മിച്ച വ്യാജ എഫ് ,ഐ.ആർ ഉണ്ടാക്കിയതും പോലീസ് കണ്ടെടുത്തു. തട്ടിയെടുത്ത പണം കൊണ്ട് ഇവർ ആർഭാട ജീവിതം നയിക്കുകയായിരുന്നു, ഇരുനില വീടിന്റെ നിർമാണവും പൂർത്തിയാവാറായ നിലയിലാണെന്നും പോലീസ് അറിയിച്ചു.
mangalore, news, falah ad, ദേശീയം, Bengaluru: Honeytrap, blackmail - police arrest four members of family.