ബദിയഡുക്ക സ്വദേശി ഇബ്രാഹീം ഖലീലിന് നാസയിലേക്ക് ക്ഷണം


ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങൾക്ക് നാസക്ക് മുകളിലും പറന്നെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കൻ കേരളത്തിലെ അവികസിത ഗ്രാമത്തിൽ നിന്ന് സ്വന്തം പ്രയത്നത്താൽ നാസയുടെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഇബ്രാഹിം ഖലീൽ . അഭിമാനാർഹമായ അക്കാദമിക് വിജയഗാഥയാണ് ഈ യുവശാസ്ത്രജ്ഞന്റേത് . കാസർഗോഡ് ബദിയഡുക്കയിലെ അബ്ദുൾ മജീദ് പൈക്ക യുടെയും സുബൈദ ഗോളിയടിയുടെയും മകനായ ഖലീൽ, നാട്ടിലെ സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഏറനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ജർമ്മനിയിലെ ബൊ ഖുമിലുള്ള പ്രശസ്തമായ റഹ്‌റ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടേഷൻ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം. നാഷനൽ സ്കോളർഷിപ്പോടെ, ബാച്ചിലെ ആദ്യ അഞ്ചിൽ ഒരാളായാണ് ഖലീൽ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കിയത്. 

2015-ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്ന സാങ്കേതിക സർവ്വകലാശാലയുമായ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് ട്യൂറിൻ ഗവേഷണ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞരുടെ അഭിലാഷമായ (coveted) , ഏതാണ്ട് ഒന്നേകാൽ കോടി ഇന്ത്യൻ രൂപ വരുന്ന "മേരി ക്യൂറി" സ്‌കോളർഷിപ്പിന് ഖലീലിനൊപ്പം അർഹനായ മറ്റൊരാൾ , ഏറോസ്പേസ് രംഗത്തെ ഗവേഷകരിൽ പ്രമുഖനായ പ്രൊഫസർ ഇറാസ്‌മോ കരേറ ആണ്,

ഏറോസ്പേസ് എൻജിനീയറിങ്ങിൽ ഈ വർഷാവസാനത്തോടെ തൻ്റെ പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കാനിരിക്കെ, ഖലീലിൻ്റെ ചില ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ധയിൽപെട്ട ലോകപ്രസിദ്ധ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കീഴിലെ ഗ്ലെൻ റിസർച്ച് സെൻറർ, ഗവേഷണഫലങ്ങൾ അവതരിപ്പിക്കാനും അവ അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ഈ മാസം 4 മുതൽ 14 വരെ ഖലീലിനെ ക്ഷണിച്ചിരിക്കുകയാണ്. ക്ഷണം സ്വീകരിച്ച ഖലീൽ ഇപ്പോൾ നാസ ഗ്ലെൻ റിസർച്ച് സെൻററിൽ വിശിഷ്ടാതിഥിയായി എതിരിക്കയാണ് ഇപ്പോൾ. 

വിദ്യാഭ്യാസപാരമ്പര്യം അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ ജനിച്ച്, അടങ്ങാത്ത വിജ്ഞാനദാഹവും അക്ഷീണ കഠിനപരിശ്രമവും കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിൻറെ നെറുകയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹീം ഖലീൽ പരിമിതമായ അക്കാദമിക ലക്ഷ്യം മുന്നിൽ മുന്നിൽ വെച്ച് അതിന്നായി മാത്രം ജീവിതം തള്ളിനീക്കുന്ന നമ്മുടെ യുവതലമുറക്ക് പ്രചോദനം നൽകുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Invitation-to-NASA