"സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കും" മുഖ്യമന്ത്രി


ബദിയഡുക്ക (കാസർകോട‌്): നവംബര്‍ 26.2018. രാജ്യത്തെ സൂപ്പർ സ‌്പെഷ്യാലിറ്റി മെഡിക്കൽ കോളേജുകളോട‌് കിടപിടിക്കുന്ന നിലയിലേക്ക‌് സംസ്ഥാനത്തെ മെഡിക്കൽ  കോളേജുകൾ മാറുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉക്കിനടുക്കയിൽ കാസർകോട‌് മെഡിക്കൽ കോളേജ‌് ആശുപത്രി സമുച്ചയത്തിന്റെ നിർമാണോദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആധുനിക സൗകര്യങ്ങളോടെ വിവിധ വിഭാഗങ്ങൾ ഒരുങ്ങുകയാണ‌്. ഹൃദയ ശസ‌്ത്രക്രിയാസൗകര്യങ്ങൾ വർധിപ്പിച്ചു. അവയവമാറ്റ ശസ‌്ത്രകിയ കൂടുതലായി നടക്കുന്നു. ക്യാൻസർ ചികിത്സയ‌്ക്കായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യമൊരുക്കും.  സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്ന ആർദ്രം പദ്ധതി വൻ വിജയമാണ‌്. തിരക്കുള്ള ആശുപത്രികളിൽ പുതിയ സംവിധാനം സൗകര്യമായി. 28 താലൂക്ക‌്  ആശുപത്രികളെ  രോഗീ സൗഹൃദമാക്കി. 155 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 503 എണ്ണംകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ആശുപത്രികളിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. ആരോഗ്യ മേഖലയിൽ 830 തസ‌്തിക അനുവദിച്ചു. 

സംസ്ഥാനത്ത‌് ഇത‌് റെക്കോഡാണ‌്. എൻഡാേസൾഫാൻ ദുരിതബാധിതർ പ്രയാസം അനുഭവിക്കുന്ന ജില്ലയെന്ന നിലക്ക‌് കാസർകോട‌് മെഡിക്കൽ കോളേജിന‌് മുന്തിയ പരിഗണന നൽകും. പ്രളയ ദുരന്തത്തിൽ സാമ്പത്തിക പരിമിതിയുണ്ടെങ്കിലും ആരോഗ്യരംഗം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന‌ും മുഖ്യമന്ത്രി പറഞ്ഞു.

Will facilitate super specialty hospitals in medical colleges-Chief minister, badiyadukka, kasaragod, kerala, news, transit-ad.