ശബരിമല സന്ദർശിക്കാതെ യു.ഡി.എഫ് സംഘം മലയിറങ്ങി


നവംബര്‍ 20.2018. നിലവിലെ സ്ഥിതിഗതികള്‍ നാളെ ഗവര്‍ണറെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ നിലക്കല്‍ വെച്ച് പൊലീസ് യു.ഡി.എഫ് സംഘത്തെ തടഞ്ഞെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് കടത്തി വിടുകയായിരുന്നു. അന്യായമായി സംഘം ചേര്‍ന്നതിനും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് നേതാക്കള്‍ എത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി യു.ഡി.എഫിലെ 9 കക്ഷിനേതാക്കളാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. അനുഗമിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകരും. നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് പ്രഖ്യാപനം. മുഴുവനാളുകളെയും കടത്തിവിടാനാകില്ലെന്നും ജനപ്രതിനിധികളെ മാത്രം കടത്തിവിടാമെന്നും പൊലീസ്. അത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കളും വ്യക്തമാക്കി. 

പിന്നെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം. എസ് പി യതീഷ് ചന്ദ്രയുമായി വാഗ്വാദം. നാമജപത്തോടൊപ്പം സര്‍ക്കാറിനെതിരായ മുദ്രാവാക്യവും. പത്ത് മിനിറ്റ് നീണ്ട പ്രതിഷേധത്തിനൊടുവില്‍ മുഴുവനാളുകളെയും കടത്തിവിടാമെന്ന് പൊലീസ് ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയായിരുന്നു.

kerala, news, alfalah ad, UDF, Ramesh Chennithala, Case, Police, UDF return backs without visiting sabarimala.