മീൻ കഴിച്ച പൂച്ചകൾ ചത്തൊടുങ്ങുന്നതായി അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്


കുമ്പള: നവംബര്‍ 18.2018. കുമ്പളയിലും പരിസര പ്രദേശങ്ങളിലും മീൻ കഴിക്കുന്ന പൂച്ചകൾ ചത്തൊടുങ്ങുന്നതായി അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. മാർക്കറ്റിൽ നിന്നും വാങ്ങിക്കൊണ്ടു പോകുന്ന മീനോ, മുറിച്ച് കളയുന്ന അവശിഷ്ടങ്ങളോ കഴിക്കുന്ന പൂച്ചകൾക്കാണ് മനുഷ്യരുടെ അത്യാർത്തിയുടെ പേരിൽ പ്രാണൻ നഷ്ടപ്പെടുന്നത്. 

എഴുത്തുകാരനും അധ്യാപകനുമായ പത്മനാഭൻ  ബ്ലാത്തൂരാണ് തന്റെ വളർത്തു പൂച്ചകൾക്കുണ്ടായ ദുർവിധി  ഫേസ് ബുക്കിൽ പോസ്റ്റിയത്. മീൻ തിന്ന പൂച്ചകളിലൊന്ന് ചാവുകയും ബാക്കിയുള്ളവ അർദ്ധ പ്രാണനായി കിടപ്പിലാവുകയും ചെയ്തുവത്രെ. കൂടുതൽ പേർ സമാന അനുഭവം പോസ്റ്റിന് താഴെ കുറിച്ചതോടെ സംഭവത്തിന്റെ ഗൗരവം ശ്രദ്ധിക്കപ്പെട്ടു. 

കുമ്പള മൃഗാശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ  അവധിയിലായതിനാൽ മൊഗ്രാൽപുത്തൂരിലെ ആശുപത്രിയിൽ എത്തിച്ച് അർദ്ധ പ്രാണരായി കിടപ്പിലായ ബാക്കിയുള്ള പൂച്ചകളെ ചികിത്സിച്ചതിനാൽ അവ രക്ഷപ്പെട്ടുവെന്ന് പത്മനാഭൻ ബ്ലാത്തൂർ  പറയുന്നു. 

മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വ്യാപകമായി ഫോർമാലിൻ എന്ന രാസവസ്തു ചേർക്കുന്നതായ ആരോപണം വ്യാപകമായിരിക്കെ കുമ്പളയിലും മീനുകളിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതിനിടെ ഷിറിയയിലും കുമ്പളയിലും മറ്റും  കടലിൽ നിന്നും പിടിച്ച് കരയിലെത്തിക്കുന്ന മീനുകൾ  പെട്ടിയിലാക്കുന്ന  സമയത്ത് അതിൽ ഒരു വെളുത്ത പൊടി വിതറാറുണ്ടെന്ന് തീരദേശ വാസികൾ പറയുന്നു.

Teachers Facebook post about cats dies when eaten fish, kumbla, kasaragod, kerala, news.