മുത്തലാഖ് ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി


ന്യൂഡൽഹി: നവംബര്‍ 02.2018. മുത്തലാഖ് ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രണ്ടു മാസത്തിനു ശേഷം സമർപ്പിച്ച ഹർജിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. പാര്‍ലമെന്റില്‍ മുത്തലാഖ് ബില്‍ പാസായാല്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ സമസ്ത ഹരജി പിന്‍വലിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാപരമായി നിലനില്‍ക്കില്ല എന്നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാദം.

അതിനാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ സെപ്റ്റംബർ പത്തൊൻപതിനാണ് ഓർഡിനൻസ് ഇറക്കിയത്. ഏതാനും ദിവസങ്ങള്‍ക്കകം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കും.  ഈ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനെ പിന്തുണക്കുന്ന ബില്‍ പാസായാല്‍ ഹരജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ഇതോടെ സമസ്ത ഹരജി പിന്‍വലിക്കുകയായിരുന്നു.

News, ദേശീയം, Supreme court, Petition, Supreme court on Muthalaq.