ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ


കാസർഗോഡ്: നവംബര്‍ 17.2018. ജില്ലയിൽ വിവാഹങ്ങൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾക്കും ഓഡിറ്റോറിയങ്ങളും കാറ്ററിംഗ് സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കണമെന്നും ഇതു പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർ ഡി.സജിത്ത് ബാബു പറഞ്ഞു. ജില്ലയെ മാലിന്യവിമുക്തമാക്കുന്നതിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ യോഗത്തിൽ
അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയാറാക്കുന്ന ജില്ലാ ഡെവലപ്മെന്റ് പ്ലാൻ നടപ്പിലാക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾ, പീപ്പിൾസ്
ഫോറം, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് എന്നിവയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. പൊതുസ്ഥലത്തോ ജലസ്രോതസിലോ മാലിന്യം തള്ളുന്നവരുടെ വിവരങ്ങൾ തരുന്നതിന് ഇത്തരം സംഘടനകളുടെ സഹകരണം ഉണ്ടാകണം. ഇതിനുവേണ്ടി റസിഡന്റ്സ് അസോസിയേഷനുകളുടെ ഒരു അടിയന്തര യോഗം വിളിച്ച് ചേർക്കും.
ജില്ലയിലെ മാലിന്യം നിറഞ്ഞ തോടുകളും പുഴകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷൻ വൃത്തിയാക്കും. 

ഇതിനും എല്ലാ സംഘടനകളും സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു. പോലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത തൊണ്ടിയല്ലാത്ത വാഹനങ്ങൾ ലേലം
ചെയ്യുമെന്നും ദേശീയ പാതയുടെ ഇരുവശത്തും അനാഥമായി കിടക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കളക്ടർ അറിയിച്ചു. 

യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.രാധാകൃഷ്ണൻ, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.

Strong intervention of district administration to clean up district, kasaragod, kerala, news, GoldKing-ad.