"കടൽ മണൽ വീടുകൾക്ക് അപകടം" ജില്ലാ കളക്ടർ


കാസറഗോഡ്: നവംബര്‍ 09.2018. ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുനിര്‍മ്മാണത്തിനും മറ്റുമായി വ്യാപകമായി കടല്‍മണല്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മണലിലെ ഉപ്പിന്റെ സാന്നിധ്യം ദ്രവീകരണത്തിന് കാരണമാവുന്നതിനാല്‍ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അപകടങ്ങള്‍ക്ക് സാധ്യതയേറെയെന്നും ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ച് പണിതുയര്‍ത്തുന്ന വീടുകള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ച്ചാ ഭീഷണി നേരിടുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കടല്‍മണല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണലിലെ ഉപ്പിന്റെ സാന്നിധ്യം കണ്ടെത്താന്‍ സോഡ ഉപയോഗിക്കാം. സോഡയില്‍ മണല്‍ ചേര്‍ക്കുമ്പോള്‍ പതഞ്ഞു വരുകയാണെങ്കില്‍ മണലില്‍ ഉപ്പു സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കാമെന്ന് കളക്ടര്‍ ചേംബറില്‍ നടത്തിയ പരീക്ഷണത്തിലൂടെ വിശദീകരിച്ചു. മണല്‍ ഖനനം രൂക്ഷമായ ഉളുവാര്‍ മേഖലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും മണല്‍ മാഫിയയെ ശക്തമായി നേരിടുമെന്നും കളക്ടര്‍ അറിയിച്ചു. 

കളക്ടറുടെയും ആര്‍ഡിഓയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഉളുവാര്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് ടിപ്പറും കാറും ബൈക്കും പിടിച്ചെടുത്തതായും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മണല്‍ മാഫിയയെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമായ എല്ലാ വഴികളും തേടും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇ-മണല്‍ സംവിധാനം ശക്തമാക്കാന്‍ പ്രളയാനന്തരം ജില്ലയിലെ പുഴകളില്‍ അടിഞ്ഞു കൂടിയ മണല്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയില്‍ സ്ഥാപിക്കുന്ന എയര്‍സ്ട്രിപ്പ് നിര്‍മാണത്തിനായി മൂന്നു സ്വാകാര്യ കമ്പനികള്‍ മുന്നോട്ടു വന്നതായി അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടത്താവളമായി ഉപയോഗിക്കാവുന്ന എയര്‍സ്ട്രിപ്പിനായി ഇരുപതോളം കുടുംബങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറായിട്ടുണ്ടെന്നും കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പാര്‍ക്കിങ്ങ് സംവിധാനം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Kasaragod, Kerala, news, Sea sand, Collector, Sea sand using for constructing building causes collapse of houses- district collector.