കുമ്പളക്കാരൻ റിച്ചു മോൻ സൈക്കിളിൽ കേരളം ചുറ്റുകയാണ്


കുമ്പള: നവംബര്‍ 10.2018. കുമ്പളക്കാരൻ റിച്ചു മോൻ സൈക്കിളിൽ കേരളം ചുറ്റുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 23 ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട യാത്ര ഒന്നര മാസം പിന്നിട്ടപ്പോൾ കേരളത്തിന്റെ ഓരോ മുക്കുമൂലകളും നേരിട്ട് കണ്ട നിർവൃതിയിലാണ് റിച്ചു മോൻ എന്ന കുമ്പള ബദ് രിയാ നഗറിലെ ഈ യുവാവ്. ഏതാനും ദിവസങ്ങൾക്കകം തന്റെ ദൗത്യം പൂർത്തിയാക്കി കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഗ്രാമത്തിൽ തിരിച്ചെത്തുമെന്ന് റിച്ചു മോൻ കുമ്പള വാർത്തയോട് പറഞ്ഞു. 

ഇത് റിച്ചു മോന്റെ ആദ്യത്തെ യാത്രയല്ല. ഇന്ത്യ മുഴുവൻ തന്റെ 100 സി.സി. ബൈക്കിൽ ചുറ്റിക്കറങ്ങി റെക്കോർഡ് സൃഷ്ടിച്ച ശേഷമാണ് കേരളം കാണാൻ സൈക്കിളുമായി ഇറങ്ങിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പുറപ്പെട്ട ബൈക്ക് യാത്രയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ചുറ്റി സഞ്ചരിച്ചതോടൊപ്പം അയൽ രാജ്യങ്ങളും കൂടി സന്ദർശിക്കാൻ ഭാഗ്യമുണ്ടായതായി ഈ യുവാവ് പറയുന്നു. കേരളത്തിന്റെ ഭംഗി നേരിട്ട് കാണുക എന്ന്തിനപ്പുറം പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശം കൂടി കൈമാറുക എന്ന ലക്ഷ്യവും യാത്രയ്ക്ക് കരുത്തേകി. 

ഒപ്പം കാസർകോടിന്റെ പിന്നോക്കാവസ്ഥ അനന്തപുരിയിലിരിക്കുന്ന ഭരണകർത്താക്കൾക്ക് എത്തിക്കുക എന്നതും. എട്ടാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള റിച്ചു മോൻ ഇംഗ്ലീഷ് അടക്കം നാല് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. തന്റെ അനുഭവ സമ്പത്താണ് തന്റെ വിദ്യാഭ്യാസമെന്ന് ഈ ഇരുപത്തേഴുകാരൻ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശത്തും നിരവധി സൗഹൃദ വലയുമുള്ള ഈ യുവാവ് യാത്രയിലുടനീളം അവരുടെ ആതിഥേയത്വം ഏറ്റെടുത്താണ് മുന്നോട്ട് പോകുന്നത്. ഈ കേരള യാത്രയിൽ ആകെ ചിലവായത് രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം. ട്രാവൽ കൺസൾട്ടന്റായ ഇദ്ദേഹം യാത്രയ്ക്കിടയിലും തന്റെ ജോലിയും നിർവ്വഹിക്കുന്നു. 

തിങ്കളാഴ്ചയോടെ കാസർഗോഡ് തിരിച്ചെത്തുമ്പോൾ വലിയ സ്വീകണം ഏർപ്പാട് ചെയ്യാൻ തയ്യാറെടുക്കുകയാണ് താൻ കൂടി അംഗമായ പെടൽ എന്ന സൈക്കിൾ ക്ലബ്ബും മറ്റു സുഹൃത്തുക്കളും. അടുത്ത ലക്ഷ്യം സൈക്കിളിൽ വടക്കു കിഴക്കൻ രാജ്യങ്ങൾ കീഴടക്കുക എന്നതാണ്.


Richu Mon's journey on Bicycle through Kerala, Kumbla, Kasaragod, Kerala, news.