കെ. സുരേന്ദ്രനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


കൊട്ടാരക്കര: നവംബര്‍ 18.2018. നിലയ്ക്കലിൽ വെച്ചു അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സന്നിധാനത്തേക്കുള്ള യാത്രാമധ്യേ നിലയ്‌ക്കലിൽ വച്ച് ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകും. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്. സുരേന്ദ്രന്‍റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ സുരേന്ദ്രനെ ഇന്ന് പുലർച്ചെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 

ചിറ്റാർ പൊലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധവും നടന്നു. തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രൻ ഇതിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Kerala, news, K Surendhran, Remand, BJP, Court, Remand for 14 days: K Surendran in Kottarakkara sub-jail.