ഉപ്പളയിൽ റെയിൽവേ സ്റ്റേഷൻ മാലിന്യം പൊതു കിണറിലേക്ക് തള്ളുന്നു; പ്രതിഷേധവുമായി എച്ച്.ആർ.പി.എം


ഉപ്പള നവംബർ 19.2018 ●  കാലങ്ങളായി ഉപയോഗിക്കുന്ന റെയിൽവേയുടെ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പൊതുകിണറിലേക്കു കക്കൂസ് മാലിന്യവും, പ്ലാറ്റ്ഫോമിലെ മലിന ജലവും തുറന്നു വിടുന്നതായി പരാതി. ഉപ്പള റെയിൽവേ സ്റ്റേഷൻ അധികൃതരാണ് പ്രദേശവാസികളായ നിരവധി പേർ ഉപയോഗിച്ചിരുന്ന കിണറിലേക്ക് മനപ്പൂർവം മലിനജലം ഒഴുക്കിവിടുന്നത്. ഇത് മൂലം നിരവധി പേരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. കിണറിനു സമീപമുള്ള സെപ്റ്റിക് ടാങ്കിന്റെ അടപ്പും തുറന്ന് കിടക്കുന്നതോടെ പരിസരം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്.

സംഭവം റെയിൽവേ സ്റ്റേഷൻ മാസ്റ്ററേ ധരിപ്പിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തെ തുടർന്ന് മനുഷ്യവകാശ സംഘടനയായ ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ ഇന്നലെ സംഭവ സ്ഥലം സന്ദർശിച്ചു പ്രതിഷേധം അറിയിച്ചു. ജില്ലാ ഉപാദ്യക്ഷൻ മെഹമൂദ് കൈക്കമ്പ, പഞ്ചായത്ത്‌ മെമ്പർ സുജാത ഷെട്ടി, പൊതുപ്രവർത്തകരായ കെ.എഫ്. ഇഖ്ബാൽ ഉപ്പള, ഷാജഹാൻ ബഹ്‌റൈൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാരിൽ നിന്നും ഒപ്പ് ശേഖരിച്ചു ജില്ലാ കളക്ടർക്ക്‌ പരാതി നൽകുമെന്ന് HRPM ഭാരവാഹികൾ അറിയിച്ചു.

uppala, railway, station, waste, issues,