കുമ്പളയിലെ പൊലീസ് കസ്റ്റഡി വാഹനങ്ങൾ വിദ്യാർത്ഥികൾക്ക് ലഹരി പരീക്ഷണ ശാല?


കുമ്പള നവംബർ 11.2018 ●  കുമ്പള പൊലീസ് വർഷങ്ങളായി വിവിധ കേസുകളിൽ പിടികൂടി സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കസ്റ്റഡി വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ലഹരിയുടെ പാഠശാലകളായി മാറുന്നു. ഒരാഴ്ച മുമ്പ് കുമ്പളയിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ ഒരന്വേഷണത്തിലാണ് കസ്റ്റഡി വാഹനങ്ങളുടെ മറവിൽ നടക്കുന്ന 'ലഹരി പരീക്ഷണ'ത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താവുന്നത്.

ബംബ്രാണയ്ക്കടുത്തുള്ള പ്രദേശത്തെ ഒരു വിദ്യാർത്ഥി വീട്ടിൽ പരാക്രമം കാട്ടിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണമുണ്ടായത്. കുട്ടിയുടെ ബാഗിൽ നിന്നും പശയും മറ്റു ചില സാധനങ്ങളും കണ്ടതിൽ സംശയം തോന്നിയ വീട്ടുകാർ അത് എടുത്ത് ഒളിപ്പിച്ച് വെക്കുകയായിരുന്നു. ആ ദിവസം കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം കണ്ട രക്ഷിതാക്കൾ നിരീക്ഷണം അടുത്ത ദിവസങ്ങളിലും തുടരുകയും തുടർച്ചയായി പശയും മറ്റും ആവശ്യത്തിലധികം കൊണ്ടു നടക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യുകയും ചെയ്തതോടെ അതിൽ നിന്നും കാട്ടുന്ന ലഹരിയെക്കുറിച്ച് കുട്ടി വിശദീകരിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കുട്ടി പഠിക്കുന്ന സ്കൂളിലെത്തി പരാതി പറയുകയും അധ്യാപകർ ലഹരി ഉപയോഗിക്കുന്ന ഈ കുട്ടിയുടെ കൂട്ടുകാരുൾപ്പെടെയുള്ളവരെ കണ്ടെത്തി രക്ഷിതാക്കളെ വരുത്തി പറഞ്ഞു വിടുകയുമായിരുന്നു. സംഭവം പൊലീസ് സ്റ്റേഷനിൽ എത്തി. കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയാണ് പൊലീസ് അവരെ തിരിച്ചയച്ചത്. എന്നാൽ സംഭവം ആരോ ചൈൽഡ് ലൈനിൽ അറിയിച്ചതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്കൂളിലെത്തി കുട്ടികളിൽ നിന്നും വിശദമായി മൊഴിയെടുത്തു. ഈ മൊഴിയിലാണ് വിദ്യാർത്ഥികൾ കസ്റ്റഡി വാഹനങ്ങളുടെ മറവിലിരുന്ന് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി പറഞ്ഞിട്ടുള്ളത്.

കുമ്പള സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളും കുമ്പള ജി എസ് ബി എസും സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ സ്കൂളുകൾക്ക് അടുത്തായി ഐഎച്ആർഡി അപ്ലൈഡ് സയൻസ് കോളജും മൂന്ന് സമാന്തര കോളജുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെല്ലാം കൂടി നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വൻ ലഹരി റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുവെന്നാണ് കരുതേണ്ടത്. കഞ്ചാവ്, വിവിധ തരം പശകൾ, മധു, ചൈനി കൈനി, സിഗരറ്റുകൾ തുടങ്ങിയ ലഹരി വസ്തുക്കളെക്കൂടാതെ ചെറിയ കുട്ടികളെ ലഹരിയുടെ മായാവലയത്തിലേക്ക് ആകർഷിക്കുന്നതിന് ലഹരി മിഠായികൾ വരെ ലഭ്യമത്രെ.

സ്കൂൾ മൈതാനം കൈയ്യേറി പൊലീസ് കസ്റ്റഡി വാഹനങ്ങൾ പാർക്കു ചെയ്യുന്നു. സ്റ്റേഷന് പുറത്ത് സ്കൂൾ മൈതാനത്തോട് ചേർന്ന് കിടക്കുന്ന പി ഡബ്ല്യു സ്ഥലത്താണ് വർഷങ്ങളായി വാഹനങ്ങൾ നിർത്തിയിടുന്നതും പിടിച്ചെടുക്കുന്ന അനധികൃത പൂഴികൾ കൂട്ടിയിടുന്നതും. ഇവിടെ വാഹനങ്ങളെക്കൊണ്ടും പൂഴി കൊണ്ടും നിറയുമ്പോൾ സ്കൂൾ മൈതാനം കൈയ്യേറി വാഹനങ്ങൾ കൊണ്ടിടുന്നു. ഓരോ വർഷവും കുമ്പള വെടിക്കെട്ടുത്സവം നടക്കുമ്പോൾ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്നും ദൂരപരിധി പാലിക്കേണ്ടതിനാലും സുരക്ഷയ്ക്കും വേണ്ടി തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്ന കസ്റ്റഡി വാഹനങ്ങളെ ജെ സി ബി ഉപയോഗിച്ച് മാറ്റിയിടാറുണ്ട്. ഇത്തരം സമയത്ത് നിരയായി പാർക്ക് ചെയ്യാൻ പൊലീസിന് സ്ഥലമില്ലാത്തതിനാൽ വാഹനങ്ങളെ പൂഴിക്കൂനയ്ക്ക് മുകളിലും മറ്റുമായി അലക്ഷ്യമായി കൂട്ടിയിടുകയാണ് പതിവ്. 

ആളുകൾ കടന്നു ചെല്ലാത്ത ഈ വാഹന കൂട്ടങ്ങൾക്കിടയിൽ പകൽ മുഴുവൻ ആർക്കും ഒളിച്ചിരുന്ന് എന്തും പ്രവർത്തിക്കാനാവും. കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ പരിശീലനം ലഭിക്കുന്നത് ഇവിടെ നിന്നാണെന്നാണ് നാട്ടുകാർ പറയുന്നത്. സദാസമയവും ഈ വാഹനക്കൂട്ടങ്ങൾക്കിടയിലും വാഹനങ്ങളിലും വിദ്യാർത്ഥികൾ കയറി ഇരിക്കുന്നത് കാണാറുണ്ടെന്നും ആളുകൾ പറയുന്നു.

police-custody-vehicles-kumbla