അബുദാബിയിൽ കനത്ത മഴയും കാറ്റും; മുന്നറിയിപ്പുമായി പോലീസ്


അബുദാബി: നവംബര്‍ 12.2018. യു.എ.ഇയിൽ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റും മഴയും ആരംഭിച്ചത്. കാലാവസ്ഥയിൽ മിതമായ അസ്ഥിരതയാണ് യുഎഇയെ ബാധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. അബുദാബി പോലീസിന്റെ ജാഗ്രതാ നിര്‍ദേശം നിമിഷങ്ങള്‍ക്കകം ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കില്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗമുള്ള കാറ്റാണ് വീശിയത്. അബുദാബിയില്‍ പലയിടങ്ങളിലും 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് ഊഷ്മാവ്. അല്‍ ഐന്‍, അല്‍ ദഫ്‌റ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


മുന്നറിയിപ്പുമായി അബുദാബി പോലീസ്

കനത്ത മഴയുണ്ടായ സാഹചര്യത്തില്‍ അബുദാബി പോലീസ് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ചു. മഴയുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് പോലീസ് നിര്‍ദേശം.

പൂര്‍ണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനം ഓടിക്കുക, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക, പെട്ടെന്ന് ബ്രേക്ക് ഇടാതിരിക്കുക, വാഹനം തെന്നിമാറാതിരിക്കാന്‍ സാവധാനം വേഗം കുറക്കുക, മുന്നിലുള്ള വസ്തുക്കള്‍ വ്യക്തമായി കാണാനായി വിന്‍ഡ് ഷീല്‍ഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതുവായ നിര്‍ദേശങ്ങള്‍. യാത്രയ്ക്കിടെ ചെറിയ അപകടമുണ്ടായാലും പ്രവര്‍ത്തനരഹിതമായാലും വാഹനം റോഡ് സൈഡിലേക്ക് മാറ്റി സുരക്ഷിത അകലത്തില്‍ നിര്‍ത്തിയിടുക. നിങ്ങളുടെ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും ഇത് ഗുണകരമാവും. ഇവയാണ് പോലീസിന്റെ നിർദ്ദേശങ്ങൾ. 

More rain expected in UAE until Tuesday, abu dhabi, gulf, news, ദുബായ്, ഗൾഫ്.