"മഞ്ചേശ്വരം മണ്ഡലത്തിൽ മിനി സിവില്‍ സ്റ്റേഷൻ അനുവദിക്കും" -തോമസ് ഐസക്ക്


കുമ്പള: നവംബര്‍ 26.2018. മഞ്ചേശ്വരം താലൂക്കിൽ മിനി സിവിൽസ‌്റ്റേഷൻ സ്ഥാപിക്കാൻ ഹൊസങ്കടി വിൽപന നികുതി ചെക്ക‌്പോസ‌്റ്റിന്റെ നാലേക്കർ ഭൂമി റവന്യു വകുപ്പിന‌് കൈമാറുമെന്ന‌് ധനമന്ത്രി  ഡോ. തോമസ‌് ഐസക‌് പറഞ്ഞു. ചെക്ക‌്പോസ‌്റ്റ‌് സമുച്ചയം നിർമിക്കാനാണ‌് ഭൂമി ഏറ്റെടുത്തത‌്. താലൂക്കിന്റെ ആസ്ഥാനമായി ഇവിടെ മിനി സ‌ിവിൽസ‌്റ്റേഷനും  മറ്റ‌ും നിർമിക്കാനാകും. എൽഡിഎഫ‌് മഞ്ചേശ്വരം മണ്ഡലം വികസന സെമിനാർ  ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മഞ്ചേശ്വരം താലൂക്ക‌് ആശുപത്രി ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ഇതിന‌് 40 കോടിയോളം രൂപ വേണ്ടി വരും. കൂടുതൽ ഡോക്ടർമാരെ നിയമിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി  ആയിരം വിദ്യാർഥികളുള്ള അംഗടിമുഗർ,  പൈവളിഗെ ഹയർസെക്കൻഡറികൾക്ക‌് കെട്ടിടനിർമാണത്തിന‌് മൂന്ന‌ുകോടി രൂപ വീതം അനുവദിക്കും. 500 കുട്ടികളുള്ള കടമ്പാർ, വാണിനഗർ സ‌്കൂളുകൾക്ക‌്  ഒരുകോടി രൂപ വീതം നൽകും.  

മഞ്ചേശ്വരം  മണ്ഡലത്തിലെ  രണ്ട‌് പിഎച്ച‌്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇതോടെ കൂടുതൽ സമയം ചികിത്സാസൗകര്യവും ഡോക്ടർമാരെയും ലഭിക്കും. ഗോവിന്ദപൈ സ‌്മാരകത്തിന‌് കഴിഞ്ഞ ബജറ്റിൽ രണ്ട‌ുകോടി രൂപ നീക്കിവച്ചത‌് ഉടൻ നൽകും. കുമ്പ‌ള ഐഎച്ച‌്ആർഡി കോളേജിൽ പുതിയ കോഴ‌്സുകൾ അനുവദിക്കും. മംഗൽപാടിയിൽ സ‌്റ്റേഡിയം, അടക്ക കർഷകർക്ക‌് പ്രത്യേക പാക്കേജ‌് തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും. 

ഷിറിയ പുലിമുട്ട‌് നിർമിക്കുമെന്ന ഫിഷറീസ‌് മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക‌് യുഡിഎഫ‌് സർക്കാർ പട്ടയം നൽകിയിട്ടും ഭൂമി ലഭിക്കാത്തത‌്, റോഡുകൾ, ഷിറിയ, ബംബ്രാണ തടയണകൾ എന്നിവർ തീരുമാനമെടുക്കും. മതിയായ ഇടപെടലില്ലാത്തതിനാലാണ‌് മണ്ഡലത്തിലെ വികസന പദ്ധതികൾ നടപ്പാകാത്തതെന്ന‌് മന്ത്രി പറഞ്ഞു.  

വിവിധ പഞ്ചായത്തുകളിലെ വികസന പ്രശ‌്നങ്ങൾ പ്രതിനിധികൾ അവതരിപ്പിച്ച ശേഷമാണ‌് മന്ത്രി സംസാരിച്ചത‌്. സി എ സുബൈർ, പി ബി മുഹമ്മദ‌്, എസ‌് സുധാകര,  ബി പുരുഷോത്തമ, അരവിന്ദ, എൻ കെ ജയറാം,  കമലാക്ഷ കണില എന്നിവർ പഞ്ചായത്തുകളിലെ പ്രശ‌്നങ്ങൾ അവതരിപ്പിച്ചു. 

ബി വി രാജൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സതീഷ‌്ചന്ദ്രൻ, സി എച്ച‌് കുഞ്ഞമ്പു, ജില്ലാസെക്രട്ടറിയറ്റ‌് അംഗം കെ ആർ ജയാനന്ദ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ‌് അംഗം ഡോ. വി പി പി മുസ‌്തഫ സ്വാഗതം പറഞ്ഞു.kumbla, kasaragod, kerala, news, "Mini station will be allowed in Manjeshwaram constituency"-says Thomas Isaac.