നബിദിനം: 'ക്ലീൻ മൊഗ്രാൽ 'പദ്ധതിയുമായി ദേശീയവേദി


മൊഗ്രാൽ: നവംബര്‍ 11.2018. നബിദിനാഘോഷത്തിന്റെ ഭാഗമായി 'ക്ലീൻ മൊഗ്രാൽ' പദ്ധതിയുമായി മൊഗ്രാൽ ദേശീയ വേദി രംഗത്ത്. മൊഗ്രാലിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഈ മാസം 18-ാം തീയ്യതി ഞായറാഴ്ച കാടുമൂടിക്കിടക്കുന്ന ദേശീയ പാതയോരം ശുചീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ നാലുവർഷമായി ദേശീയ വേദി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ തുടർച്ചയാണിത്.

മൊഗ്രാൽ പാലം മുതൽ പെർവാഡ് വരെയുള്ള ദേശീയ പാതയാണ് ഇന്ത്യാ സ്‌പോട്ടിന്റെ സഹകരണത്തോടെ ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. നബിദിന റാലിക്കും മറ്റും തടസ്സമാകുന്ന തരത്തിൽ ദേശീയ പാതയോരം കാടുമൂടിയതും വഴിയാത്രക്കാർക്ക് നടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലുമാണ് ദേശീയ വേദി മാതൃകാപരമായ പ്രവർത്തനത്തിന് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ക്ലീൻ മൊഗ്രാൽ പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ നാട്ടുകാരും സഹകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാൻ, സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ അഭ്യർത്ഥിച്ചു.

Milad day; 'Clean Mogral' scheme by Deshiya Vedhi, Mogral, Kasaragod, Kerala, news.