കുറ്റിക്കോൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വൈസ്. പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന്കാസർകോട്: നവംബര്‍ 07.2018. ബി ജെ പിയുടെ ദാമോദരൻ തൊടപ്പനത്തിനെതിരെ സി.പി.എം അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് കുറ്റിക്കോല്‍ പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി.ഗോപിനാഥൻ വൈസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. ഗോപിനാഥന് 6 വോട്ടുകളാണ് ലഭിച്ചത്. ആര്‍.എസ്.പി യുടെ രാജേഷിന് നാല് കോൺഗ്രസ്സ് വിമതരുടെയടക്കം വോട്ടുകള്‍ ലഭിച്ചു. 

സി.പി.ഐ യുടെ നിര്‍മ്മല കുമാരിയും സ്വതന്ത്രനായി വിജയിച്ചുവന്ന സുനീഷ് ജോസഫും വോട്ടെടുപ്പിന് എത്തിയില്ല. ബി.ജെ.പി യുടെ മൂന്ന് വോട്ടുകളും കോൺഗ്രസ്സ് വിമത സമീറ ഖാദറിന്റെ വോട്ടും അസാധുവാക്കി. കോൺഗ്രസ്സ് വിമത അംഗങ്ങളുടെ സഹായത്തോടെ വൈസ്. പ്രസിഡന്റ് സ്ഥാനം ലഭിച്ച ബി.ജെ.പി ക്ക് പിന്നീടുണ്ടായ രാഷ്ട്രീയനീക്കങ്ങളിലൂടെ ആ സ്ഥാനം നഷ്ടപ്പെടുകയാണുണ്ടായത്. വൈസ്. പ്രസിഡൻറ് സ്ഥാനം ലഭിച്ചതോടെ പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകസ്ഥാനമാണ് സി പി എമ്മിന് ലഭിച്ചിരിക്കുന്നത്. സി പി എം കുറ്റിക്കോൽ ലോക്കൽ കമ്മറ്റിയംഗവും മികച്ച സംഘാടകനുമാണ് പി.ഗോപിനാഥൻ. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗമാണ്.

16 അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസ് വിമതര്‍ക്ക് നാലും ആര്‍.എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഒരുസ്വതന്ത്രനുമുണ്ട്. അതേസമയം കുറ്റിക്കോലില്‍ സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്ന് സി.പി.എം ആരോപിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് നിലവിലുള്ള പ്രഖ്യാപിത സമീപനത്തിന് വിരുദ്ധമായ നിലപാടാണ്‌ സി.പി.ഐ സ്വീകരിച്ചതെന്ന് സി.പി.എം കുറ്റപ്പെടുത്തി. 

സംസ്ഥാന- ദേശീയടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരേയുള്ള ജനാധിപത്യമുന്നണിയുടെ ഭാഗമാണ് സി.പി.ഐ. പ്രദേശീകമായി ഈ നിലാപാട് സ്വീകരിക്കുന്നതിന് പകരം കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യത്തെ സഹായിക്കുന്ന നിലപാടാണ് കുറ്റിക്കോലില്‍ സി.പി.ഐ സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം നേതൃത്വം ചാനല്‍ ആര്‍.ബിയോട് പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ രാഷ്ട്രീയ പൊതുയോഗം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി.ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എൻ.ടി ലക്ഷ്മി അധ്യക്ഷയായി.

Kasaragod, Kerala, news, Kuttikkol, CPM , Vice president, Kuttikkol panchayath election; P Gopinathan elected as Vice president .