വൈദ്യുതിനിരക്കില്‍ കുത്തനെയുള്ള വര്‍ധന: പാചകവാതകത്തിലെന്നപോലെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡി


നവംബര്‍ 05.2018. വൈദ്യുതിമേഖല പൂർണമായ  സ്വകാര്യവത്കരണത്തിലേക്ക് മാറുന്നു . പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന വൈദ്യുതി നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതോടെ വൈദ്യുതിമേഖല പാടേ മാറും. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍കിട നഗരങ്ങളിലെന്ന പോലെ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതിവിതരണത്തിന് അവസരമൊരുക്കുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.

സബ്‌സിഡി വെട്ടിക്കുറയ്ക്കലിന് ശുപാര്‍ശ ചെയ്യുന്ന നിയമം നടപ്പാകുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതിനിരക്കില്‍ കുത്തനെയുള്ള വര്‍ധനയുണ്ടാകും. പാചകവാതകത്തിലെന്നപോലെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നല്‍കുന്നതിനും നിയമം ശുപാര്‍ശ ചെയ്യുന്നു. പുതിയ ഭേദഗതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വൈദ്യുതിബോര്‍ഡുകള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയായേക്കും.
കേന്ദ്രസര്‍ക്കാര്‍ 2003-ല്‍ വൈദ്യുതിനിയമം കൊണ്ടുവന്നത് തന്നെ വന്‍കിട സ്വകാര്യ കമ്പനികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അന്ന് നിയമം പാസായതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിവകുപ്പുകള്‍ സര്‍ക്കാരിനു കീഴിലെ കമ്പനികളോ ബോര്‍ഡുകളോ ആയി മാറി. എന്നിട്ടും സ്വകാര്യമേഖല കടന്നുവന്നില്ല. വൈദ്യുതോത്പാദനം എന്ന ഒറ്റമേഖലയില്‍ മാത്രമാണ് സ്വകാര്യ കമ്പനികള്‍ താത്പര്യം കാണിച്ചത്. വിതരണരംഗത്തേക്ക് വന്നവര്‍ വളരെ ചുരുക്കമായിരുന്നു. സര്‍ക്കാരുകള്‍ക്ക് കീഴിലെ കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ തയ്യാറായിരുന്നില്ല. ഈ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

വൈദ്യുതി വീട്ടിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍

പുതിയ നിയമഭേദഗതി അനുസരിച്ച് വൈദ്യുതിശൃംഖലയും വൈദ്യുതി സപ്ലൈയും വേര്‍തിരിക്കും. വൈദ്യുതിശൃംഖല ഇപ്പോഴുള്ള ലൈസന്‍സികള്‍, അതായത് അതത് സംസ്ഥാനങ്ങളിലെ വൈദ്യുതിബോര്‍ഡുകള്‍ക്ക് അല്ലെങ്കില്‍ കമ്പനികള്‍ക്കാണ് പരിപാലന ചുമതല. പുതിയ ഭേദഗതി അനുസരിച്ച് വൈദ്യുതി ബോര്‍ഡുകള്‍ക്കോ കമ്പനികള്‍ക്കോ വൈദ്യുതി നേരിട്ട് ഉപഭോക്താവിന് വില്‍ക്കാന്‍ അനുമതിയുണ്ടാകില്ല. ശൃംഖലയില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ പുതിയ സപ്ലൈ ലൈസന്‍സികള്‍ അഥവാ കമ്പനികള്‍ കടന്നുവരും. വൈദ്യുതി ഉത്പാദകരില്‍ നിന്ന് സപ്ലൈ ലൈസന്‍സികള്‍ നേരിട്ട് വൈദ്യുതി വാങ്ങിയാണ് ഉപഭോക്താക്കളിലെത്തിക്കുക. നെറ്റ്‌വര്‍ക്ക് സംരക്ഷിക്കേണ്ട ബാധ്യത മാത്രം ഇപ്പോഴത്തെ വൈദ്യുതി ബോര്‍ഡുകള്‍ക്കും കമ്പനികള്‍ക്കും മാത്രമാകും.
വൈദ്യുതിശൃംഖല ഒരു ലൈസന്‍സി തന്നെ പരിപാലിക്കുമ്പോള്‍ ഒരു പ്രത്യേക പ്രദേശത്ത് വൈദ്യുതി നല്‍കുന്നതിന് ഒന്നിലേറെ ഏജന്‍സികളെ അനുവദിക്കും. അതായത് ഇപ്പോഴുള്ള കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സിനെ പോലെയാകും വൈദ്യുതി വിതരണവും. ഉപഭോക്താവിന് ആവശ്യമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാം. ഈ ലൈസന്‍സികളാകും ഉപഭോക്താക്കള്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുക. 

നിരക്ക് ഉയരാന്‍ പോകുന്നത് ഇങ്ങനെ

വൈദ്യുതിനിരക്കിന്റെ സബ്‌സിഡി 20 ശതമാനമായി നിജപ്പെടുത്തുന്നതാണ് നിയമഭേദഗതിയിലെ പ്രധാന ശുപാര്‍ശകളിലൊന്ന്. ഇപ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് വരുന്ന ചെലവ് ആറു രൂപയാണ്. നിയമഭേദഗതി വന്നാല്‍ സബ്‌സിഡിയായി 1.20 രൂപ മാത്രമേ നല്‍കാനാവൂ.
അതായത് മിനിമം ചാര്‍ജ് എന്നത് 4.80 രൂപയായി ഉയരും. ഇപ്പോഴത്തെ മിനിമം ചാര്‍ജ് 1.50 രൂപയാണ്. 

സബ്‌സിഡി അക്കൗണ്ടിലേക്ക്

പാചകവാതകത്തിലെന്നപോലെ ഉപഭോക്താവ് മുഴുവനായി വൈദ്യുതിനിരക്ക് അടയ്ക്കുകയും അതിന്റെ സബ്‌സിഡിത്തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുമാണ് നിയമം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍, ഈ സബ്‌സിഡി തുക നല്‍കേണ്ടത് വൈദ്യുതി വിതരണ കമ്പനിയല്ല, അതത് സംസ്ഥാന സര്‍ക്കാരുകളാണ്. വൈദ്യുതി നല്‍കുന്ന കമ്പനികള്‍ക്ക് കാര്യമായ ബാധ്യത വരാതെ നോക്കുന്നതാണ് നിയമഭേദഗതി.

24 മണിക്കൂറും വൈദ്യുതി; തടസ്സങ്ങള്‍ക്ക് നഷ്ടപരിഹാരം

24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി എന്നത് പുതിയ ബില്‍ നിര്‍ദേശിക്കുന്നു. വൈദ്യുതി തടസ്സമുണ്ടാവുകയാണെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നതാണ് ശുപാര്‍ശകളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്നതിന് കൃത്യമായൊരു നിര്‍വചനം ഭേദഗതിയില്‍ പറഞ്ഞിട്ടില്ല. സ്വാഭാവികമായും വിതരണശൃംഖലയുടെ ചുമതലയുള്ളവരുടെ ബാധ്യതയായി ഇത് മാറാന്‍ ഇടയുണ്ട്.

ബോര്‍ഡുകള്‍ക്ക് തിരിച്ചടി

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ വൈദ്യുതി ബോര്‍ഡുകളെയും കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കള്‍ക്ക് നേരിട്ട് വൈദ്യുതി നല്‍കാന്‍ കഴിയാത്തത് തന്നെ തിരിച്ചടിയാണ്.  ചാര്‍ജ് അഥവാ നെറ്റ്‌വര്‍ക്കിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള ഫീസ് മാത്രമാകും വരുമാനം.

കേരളത്തില്‍ ഒരു വര്‍ഷത്തെ വൈദ്യുതി ഉപഭോഗം 2,400 കോടി യൂണിറ്റാണ്. ഒരു യൂണിറ്റിന് 50 പൈസയാണ് വീലിങ് ചാര്‍ജ് എന്ന് കണക്കാകുകയാണെങ്കില്‍ ഇപ്പോഴത്തെ ലൈസന്‍സിയായ വൈദ്യുതി ബോര്‍ഡിന് ലഭിക്കുക 1,200 കോടി രൂപയായിരിക്കും. ഇപ്പോഴത്തെ വരുമാനം 14,000 കോടി രൂപയാണെന്നിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ തകര്‍ച്ചയാവും വിദൂര ഭാവിയില്‍ സംഭവിക്കുക. പ്രതിവര്‍ഷം ശമ്പളത്തിനും പെന്‍ഷനുമായി 2,000 കോടിരൂപയാണ് ആവശ്യം.

കേരളത്തിന് ആവശ്യമായ വൈദ്യുതിയില്‍ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. പുറമേ നിന്ന് 45 രൂപയ്ക്കാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ആ വിലയ്ക്ക് വൈദ്യുതി ബോര്‍ഡിന് വില്‍ക്കാന്‍ പറ്റിയാല്‍ ലാഭമായിരിക്കും. പക്ഷേ, വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന തുകയ്‌ക്കേ വില്‍ക്കാന്‍ സാധിക്കു. ഇതൊരിക്കലും പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിനിരക്കിന് തുല്യമാകാന്‍ അനുവദിക്കുകയുമില്ല. 

Kerala, news, alfalah ad, Power, Kerala power tariff hike; Subsidy to customer's account.