മന്തു രോഗം; കുമ്പളയിൽ ആരോഗ്യ വകുപ്പ് രാത്രികാല പരിശോധന തുടങ്ങി


കുമ്പള:  നവംബര്‍ 17.2018. ജില്ലയിൽ മന്തുരോഗ വ്യാപനം അവസാനിച്ചെന്നുറപ്പു വരുത്താൻ ആരോഗ്യ വകുപ്പിന്റെ രാത്രികാല രക്ത പരിശോധന. രോഗ നിവാരണത്തിനായി വർഷത്തിലൊരിക്കൽ രണ്ടു വയസിനുമേലുള്ളവർക്ക് മൂന്നു വർഷം മുമ്പുവരെ തുടർച്ചയായി ഡി. ഇ.സി, ആൽബൻഡസോൾ ഗുളികകൾ നൽകിയിരുന്നു. കൂടാതെ അതിഥി തൊഴിലാളികൾക്കുവേണ്ടി പ്രത്യേകമായും പരിപാടി നടപ്പാക്കിയിരുന്നു. ഇത് ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ സർവ്വേ നടത്തുന്നത്.

അഞ്ചിനും ഒമ്പതിനും വയസിനിടയിലുള്ള കുട്ടികളുടെ രക്തസാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കഴിഞ്ഞ ദിവസം 75 കുട്ടികളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിനായി 30 ജീവനക്കാർ പകൽ സമയത്ത് പ്രദേശത്തെ വീടുകൾ കയറിയിറങ്ങി കുട്ടികളെ കണ്ടെത്തിവയ്ക്കുകയായിരുന്നു. 

ഗ്രാമപഞ്ചായത്തംഗം സി.മുഹമ്മദ് കുഞ്ഞി, ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫൈലേറിയാ ഇൻസ്പെക്ടർ ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. ലാബ് ടെക്നിഷ്യൻ വിൻസെന്റ് സെബാസ്റ്റ്യൻ, ജെ.എച്ച്.ഐമാരായ ജോഗേഷ്, എസ്.പ്രീജിത്ത്, ജെ.പി.എച്ച്.എൻ  എസ്.ശാരദ, ഫീൽഡ് അസിസ്റ്റൻറ്മാർ, ഇൻസെക്ട് കലക്ടർമാർ എന്നിവരടങ്ങിയതായിരുന്നു ടീം.

Filariasis; inspection started in Kumbla by health department, kumbla, kasaragod, kerala, news.