വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്; ജില്ലയിൽ എട്ട് കേസുകൾ


നവംബര്‍ 25.2018. വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി കർശനമാക്കി. തട്ടിപ്പ‌് പുറത്തുവന്നതോടെ ജില്ലാ, ബ്ലോക്ക‌്, ഗ്രാമപഞ്ചായത്ത‌് തലത്തിലും നഗരസഭാ തലത്തിലും കരാറുകാർ ഹാജരാക്കിയ സ്ഥിരനിക്ഷേപ സർടിഫിക്കറ്റകൾ വിശദ പരിശോധനക്ക‌് വിധേയമാക്കിയതോടെ ജില്ലയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. 2016–17 വർഷത്തെ റോഡ് നിർമാണ പ്രവൃത്തിയിലാണ് മുഹമ്മദ് ഇസ്ഹാഖ് വ്യാജ സ്ഥിരനിക്ഷേപവും വ്യാജസർട്ടിഫിക്കറ്റും നൽകിയത്. 

മഞ്ചേശ്വരത്ത് രണ്ട് കേസ‌് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പുത്തിഗെ പഞ്ചായത്തിലെ മുണ്ട്യത്തടുക്ക - പുത്തിഗെ ദേവസ്ഥാനം റോഡ് കരാർ ഏറ്റെടുത്ത ചട്ടഞ്ചാൽ തെക്കിൽ ഫെറിയിലെ പിഡബ്ല്യൂഡി കരാറുകാരായ മുഹമ്മദ് സഈദിനെതിരെയും മുഹമ്മദ് ഇസ്ഹാഖിനെതിരെയുമാണ് മഞ്ചേശ്വരം പൊലീസ‌് കേസെടുത്തത്. 2018–19 വർഷത്തെ റോഡ് നിർമാണ പ്രവൃത്തിക്ക് ചട്ടഞ്ചാൽ സബ് ട്രഷറിയുടെ പേരിലുള്ള വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റും സിൻഡിക്കേറ്റ് ബാങ്ക് പെരിയ ശാഖയുടെ പേരിലുള്ള വ്യാജ പെർഫോമൻസ് ഗ്യാരണ്ടി സർട്ടിഫിക്കറ്റും  നൽകിയാണ് റോഡ് കരാർ പ്രവൃത്തി ഏറ്റെടുത്തത്. 

കാസർകോട്, ബേക്കൽ, ഹൊസ്ദുർഗ്, ബദിയഡുക്ക, മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ്  പ്രവർത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ‌്.

Fake fixed deposit certificate; 8 case registered, kasaragod, kerala, news, transit-ad.